തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തമ്പിയുടെ മരണത്തിൽ പ്രതികരിച്ച് നേതാക്കൾ. ആനന്ദ് തമ്പിയുടെ പേര് പോലും താൻ ആദ്യമായാണ് കേൾക്കുന്നതെന്നും, സംഭവം ദൗർഭാഗ്യകരമാണ് എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ബിജെപി ജില്ലാ പ്രസിഡൻ്റുമായി സംസാരിച്ചിട്ടുണ്ടെന്നും, വിവരങ്ങൾ തേടിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പ്രവർത്തകൻ മരിക്കാനിടയായ കാരണങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ആനന്ദ് തമ്പിക്ക് സ്ഥാനാർഥിത്വം നിരസിച്ചു എന്നതിൽ വസ്തുതയില്ലെന്ന് ബിജെപി നേതാവും കൊടുങ്ങാനൂരിലെ സ്ഥാനാർഥിയുമായി വി.വി. രാജേഷ്. വാർഡിലെ സ്ഥാനാർഥി ലിസ്റ്റിൽ ആനന്ദിന്‍റെ പേരിൽ ഇല്ലായിരുന്നു. പേര് വരാത്ത സാഹചര്യത്തിൽ അത് സ്വാഭാവികമായും ചർച്ചയിൽ വരില്ല. എന്നാൽ അദ്ദേഹം ആരോടെങ്കിലും സ്ഥാനാർഥിത്വം ആവശ്യപ്പെട്ടിരുന്നോ എന്ന് അറിയില്ലെന്നും രാജേഷ് പറഞ്ഞു. പ്രവർത്തകൻ്റെ മരണം ദൗർഭാഗ്യകരമായ കാര്യമാണ്. അതിനെ തെരഞ്ഞെടുപ്പ് പ്രചരണമായി വക്രീകരിക്കരുതെന്നും രാജേഷ് ആവശ്യപ്പെട്ടു.
രാജ്യത്തിൻ്റെ ഭരണം ഉള്ളത് കൊണ്ട് എന്തുമാകാം എന്ന നിലയാണ് ബിജെപിക്കുള്ളത്. പ്രവർത്തകർക്ക് പോലും രക്ഷ ഇല്ലാത്ത സ്ഥിതി ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞു. വളരെ ഗുരുതരമായ സാഹചര്യമാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ബിജെപി ആളുകളെ കൊല്ലുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അവർ പറയുന്നത് കേട്ട് നിന്നില്ലെങ്കിൽ എന്തും സംഭവിക്കുമെന്ന സ്ഥിതിയാണ് ഉള്ളത്. മരിച്ചാൽ തള്ളി പറയുകയും ചെയ്യുമെന്നും ജോയ് വ്യക്തമാക്കി.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ആർഎസ്എസ് പ്രവർത്തകനായ തിരുമല സ്വദേശി ആനന്ദ് തമ്പിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആർഎസ്എസ്-ബിജെപി നേതൃത്വത്തെ പരാമർശിച്ച് കൊണ്ട് ആനന്ദ് എഴുതിയ കുറിപ്പ് കണ്ടെത്തിയിരുന്നു. ചെറുപ്പം തൊട്ടേ പ്രവർത്തിച്ചിരുന്ന പ്രസ്ഥാനത്തിൽ നിന്നും സ്ഥാനാർഥിയാകാൻ പറ്റാത്തതിൽ ആനന്ദ് മനോവിഷമത്തിലായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു.
"എൻ്റെ ജീവിതത്തിൽ പറ്റി ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് ഇന്ന് ഈ അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്"ആനന്ദ് കുറിപ്പിൽ പറയുന്നുണ്ട്.