ശബരിമല Source: Social Media
KERALA

ശബരിമലയില്‍ അരവണ ക്ഷാമം: പരീക്ഷണത്തിനു നിന്നുകൊടുക്കാൻ കഴിയില്ലെന്ന് മന്ത്രി; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്

മന്ത്രിയുടെ വിമർശനം ദേവസ്വം ബോർഡ് തള്ളുന്നുണ്ടെങ്കിലും, സന്നിധാനത്ത് അരവണ പ്രതിസന്ധി തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

ശബരിമലയിൽ അരവണ ക്ഷാമം തുടരുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ നിലപാട് കടുപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ. മണ്ഡലകാലം തുടങ്ങുമ്പോൾ ശബരിമലയിലെ ദൈനംദിന കാര്യങ്ങൾക്കായി സ്പെഷ്യൽ ടീമിനെ നിയോഗിക്കുന്നത്, മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വിമർശനം ദേവസ്വം ബോർഡ് തള്ളുന്നുണ്ടെങ്കിലും, സന്നിധാനത്ത് അരവണ പ്രതിസന്ധി തുടരുകയാണ്.

ശബരിമലയിലെ അരവണ പ്രതിസന്ധിക്ക് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിനോടുള്ള അതൃപ്തി കടുപ്പിക്കുകയാണ് ദേവസ്വം മന്ത്രി കെ. മുരളീധരൻ. കന്നിമാസ പൂജകൾക്കായി നടതുറന്ന സമയത്ത് അരവണ പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾ നടത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം മന്ത്രി ആവർത്തിച്ചു. നട തുറന്നിരിക്കുമ്പോൾ സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് പ്രസാദം ലഭ്യമാക്കണം. നിർമാണ പ്രവർത്തികൾ ആരംഭിക്കുന്നതിന് മുൻപായി ദേവസ്വം ബോർഡ് ബദൽ മാർഗങ്ങൾ സ്വീകരിക്കണമായിരുന്നു. ശബരിമലയിലെ പ്രതിസന്ധിയിൽ സർക്കാരിന് പരീക്ഷണത്തിന് നിന്നുകൊടുക്കാൻ കഴിയില്ലെന്നും ഹൈക്കോടതിയിൽ ആശങ്ക അറിയിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

എന്നാൽ, അരവണ പ്രതിസന്ധിയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്ന നിർമാണ പ്രവർത്തികൾ ഹൈക്കോടതിയുടെ അനുമതിയോടെയാണ് ആരംഭിച്ചത്. മണ്ഡല കാലത്തിന് മുൻപായി നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കാനാണ് പ്ലാന്റ് ഇപ്പോൾ അടച്ചത്. എന്നാൽ മുൻ മാസങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ഭക്തർ ശബരിമലയിലേക്ക് എത്തി. ഇതോടെ, സ്റ്റോക്ക് ചെയ്തിരുന്ന അരവണയിൽ നിന്നും ഡിമാൻഡ് വർധിച്ചത് പ്രതിസന്ധിക്ക് ഇടയാക്കിയെന്നാണ് ബോർഡിന്റെ വിശദീകരണം. അടുത്തമാസം പത്താം തീയതി പ്ലാന്റിന്റെ നവീകരണം പൂർത്തിയാകുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകും എന്നും ബോർഡ് വിലയിരുത്തുന്നു.

മന്ത്രിയുടെ വിമർശനങ്ങൾ ദേവസ്വം ബോർഡ് തള്ളുന്നുണ്ടെങ്കിലും, ശബരിമലയിൽ അരവണ പ്രതിസന്ധി തുടരുകയാണ് . 15,000 ത്തിൽ അധികം അരവണ സ്റ്റോക്ക് ഉണ്ടെന്ന് ബോർഡ് പറയുമ്പോഴും, ഓൺലൈൻ വഴി ബുക്കിങ് നടത്തിയ ഭക്തരുടെ എണ്ണം ഇതിനു മുകളിലാണ് . സ്പോട്ട് ബുക്കിങ്ങിലൂടെ 2000 പേരും സന്നിധാനത്ത് എത്തും. ഒരാൾക്ക് രണ്ടു വീതം അരവണയാണ് രാവിലെ മുതൽ കൗണ്ടറിൽ നിന്ന് വിതരണം ചെയ്യുന്നത്. എന്നാൽ സന്നിധാനത്ത് തിരക്ക് തുടരുന്നതിനാൽ , മുഴുവൻ ഭക്തർക്കും അരവണ ലഭിക്കാത്ത സാഹചര്യമുണ്ടാകും.

മന്ത്രിയും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കത്തിൽ വിമർശനവുമായി ബിജെപിയും രംഗത്തെത്തി. ശബരിമല തീർഥാടനം അട്ടിമറിക്കപ്പെടാൻ പോവുകയാണെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് കുറ്റപ്പെടുത്തി. മണ്ഡലകാലത്തിന് ഇനി 50 ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോൾ തന്നെ അരവണ പോലും കിട്ടാനില്ല. വിവിധ വകുപ്പുകളുടെ എകോപനം ഒരു കാര്യത്തിലും ഇല്ലെന്നും കൃഷ്ണദാസ് വിമര്‍ശിച്ചു.

അതേസമയം, മണ്ഡലകാലം അടുത്തിരിക്കെ ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ സ്റ്റേറ്റ് അറ്റോർണി പമ്പയിൽ ഉന്നതതല യോഗം വിളിച്ചിരുന്നു. സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.

SCROLL FOR NEXT