പത്തനംതിട്ട: ശബരിമല അയ്യപ്പസംഗമത്തിൽ ഭക്തിഗാന സദസ് നടത്തിതിന് ഗായകൻ ഇഷാന്‍ ദേവിന് പണം നല്‍കിയതിൻ്റെ തെളിവുകൾ പുറത്ത്. ടിഡിഎസ് അടക്കം പിടിച്ച ശേഷമാണ് പണം നൽകിയത്. ഇഷാന്‍ ദേവിൻ്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിൻ്റെ രേഖകള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു. രേഖകൾ ഇല്ലാതെയാണ് ഇഷാൻ ദേവിന് പണ കൈമാറിയെന്ന തരത്തിൽ പ്രചാരണം നടന്നിരുന്നു. എന്നാൽ ഇതിനെതിരെയുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തുവന്ന രേഖകൾ.
ആഗോള അയ്യപ്പ സംഗമത്തിൻ്റെ തുടക്കത്തിൽ ഒരു ഭജൻ അവതരിപ്പിക്കണമെന്ന നിർദേശം ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നന്ദഗോവിന്ദം ഭജൻസ് സംഘത്തെ സമീപിച്ചെങ്കിലും, അന്നേ ദിവസം മറ്റ് പരിപാടികൾ ഉണ്ടായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അവർ അറിയിക്കുകയായിരുന്നു.
തുടർന്നാണ് പ്രശസ്ത സംഗീതജ്ഞനായ ഇഷാൻ ദേവ്നെ സമീപിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 25-ലധികം കലാകാരന്മാരും 10-ലധികം ടെക്നീഷ്യൻമാരും ഉൾപ്പെടെ 35 പേർ പങ്കെടുത്ത മികച്ച സംഗീതാവിഷ്‌കാരമാണ് സംഘം അവതരിപ്പിച്ചത്. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിൻ്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സൽ തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടുത്തി 8 ലക്ഷം രൂപയാണ് ചെലവായത്. ഇത് രേഖകളിൽ നിന്നും വ്യക്തമാണ്.
നന്ദഗോവിന്ദം ഭജൻസ് സംഘത്തിന് തുക നൽകിയതായി ബോർഡിൻ്റെ ഓഡിറ്റർ റിപ്പോർട്ടിൽ പറയുന്നത്. അത് പിശകുപറ്റിയതാണ് എന്നാണ് ദേവസ്വം ബോർഡിൻ്റെ വാദം. അങ്ങനെ തുക നൽകിയിരുന്നുവെങ്കിൽ വൗച്ചർ അല്ലെങ്കിൽ ബാങ്ക് ഇടപാട് രേഖകൾ ഉണ്ടായിരിക്കേണ്ടതാണ്. തുക പോയത് ഇഷാൻ ദേവിൻ്റെ അക്കൗണ്ടിലേക്കാണ്. ഇവൻ്റ് മാനേജ്മെൻ്റ് ഏജൻസി ദേവസ്വം ബോർഡിൻ്റെ ചാർട്ടേഡ് അക്കൗണ്ടൻ്റിന് സമർപ്പിച്ച സ്റ്റേറ്റ്‌മെൻ്റിൽ അശ്രദ്ധയായി ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.