എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം എസ്ഐടി സമയബന്ധിതമായി പൂർത്തിയാക്കണം. കുറ്റപത്രം എപ്പോൾ സമർപ്പിക്കുമെന്ന് അറിയിക്കണം എന്നും കോടതിയുടെ നിർദേശം.
കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് രാവിലെയാണ് അന്വേഷണ ഉദ്യോഗസ്ഥർ ദേവസ്വം ബെഞ്ച് മുൻപാകെ സമർപ്പിച്ചത്. അന്വേഷണ റിപ്പോർട്ട് പരിശോധിച്ചാണ് കോടതി കർശനനിർദേശം എസ്ഐടിക്ക് നൽകിയിരിക്കുന്നത്. ഒരു ഘട്ടത്തിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് ചൂണ്ടിക്കാണിച്ച് അന്ന് കോടതി പെട്ടന്ന് ഏതെങ്കിലും ക്രിമിനൽ കേസ് അന്വേഷിക്കുന്നത് പോലെ കേസിൻ്റെ അന്വേഷണം പൂർത്തീകരിക്കാൻ സാധിക്കില്ല, അതിന് സമയം വേണമെന്നും ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കിട്ടേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇന്ന് കേസ് പരിഗണിക്കുമ്പോൾ ഈ മാസം 29ാം തീയതിക്ക് മുൻപ് കേസിൻ്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശം കോടതി നൽകിയിട്ടുണ്ട്.
2025ല്‍ ദ്വാരപാലക ശില്പങ്ങള്‍ മാറ്റിയതില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ഇടപാടുകളില്‍ പ്രതികള്‍ക്കുള്ള പങ്കിന്റെ തെളിവ് ലഭിച്ചെന്നും എസ്‌ഐടി വ്യക്തമാക്കി. ഫോറൻസിക് പരിശോധനാ ഫലങ്ങൾ ഇനിയും കിട്ടാനുണ്ടെന്നും കിട്ടിയവയിൽ നിന്ന് വ്യക്തമായി അന്വേഷണം പുരോഗമിക്കുന്നുവെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.