എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ അന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി. 2017ല്‍ കൊടിമരം മാറ്റി സ്ഥാപിച്ചതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി. രണ്ട് പതിറ്റാണ്ടിലധികം കാലത്തെ ഇടപാടുകളില്‍ അന്വേഷണം വേണം. എസ്‌ഐടി സംഘം നാളെ സന്നിധാനത്ത് എത്തും. ശ്രീകോവിലിലെ വാതില്‍പ്പാളികള്‍ സംബന്ധിച്ച് എസ്‌ഐടി പരിശോധിക്കും. ഫെബ്രുവരി 9ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാനും നിർദേശം നൽകിയിട്ടുണ്ട്. ഇടക്കാല ഉത്തരവിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
ഇപ്പോൾ നിലവിൽ ആകെ 16 പ്രതികളിൽ 11 പേർ ജുഡീഷ്യൽ കസ്റ്റഡിയിലുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. എസ്ഐടി അന്വേഷണത്തിനായി സന്നിധാനത്ത് നാളെ എത്തും. ശ്രീകോവിലിലെ വാതിൽപ്പാളികൾ സംബന്ധിച്ച് അന്വേഷണം നടത്തും. സ്റ്റോർ റൂമിലെയും ശ്രീകോവിലിലെയും വാതിൽപ്പാളികളുടെ വിസ്തൃതിയും പരിശോധിക്കുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
2017ൽ കൊടിമരം മാറ്റിയതിലെ ഫയലുകളും രേഖകളും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഏഴ് പാളികളുടെയും സാമ്പിൾ ശേഖരിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. എസ്ഐടിയെ സാങ്കേതികമായി സഹായിക്കാൻ കൊച്ചിയിൽ നിന്ന് വിദഗ്ദ സംഘം നാളെ സന്നിധാനത്തെത്തുമെന്നും ഉത്തരവിൽ വ്യക്തമാകുന്നുണ്ട്. 1998ലെയും 2019ലെയും ഇടപാടുകളിലും അന്വേഷണം വേണം. രണ്ട് പതിറ്റാണ്ടിലധികം കാലത്തെ ഇടപാടുകളിൽ അന്വേഷണം വേണം. ഭരണസമിതിയുടെ തീരുമാനങ്ങളും ഇടപാടുകളും സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം. ശബരിമല സ്വർണക്കൊള്ള ഒറ്റപ്പെട്ട കേസല്ലെന്നും കോടതി വിലയിരുത്തലുണ്ട്.
എസ്ഐടി കൂടുതൽ വിപുലീകരിച്ചും ഉത്തരവിറക്കിയിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരെയും സിഐയെയും ഉൾപ്പെടുത്തിയാണ് സംഘത്തെ വിപുലീകരിച്ചത്.