തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള ഇഡി കേസെടുത്ത് അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് നൽകാൻ വിജിലൻസ് കോടതി ഉത്തരവിട്ടു. ഇതിൻ്റെ ഭാഗമായി റിമാൻഡ് റിപ്പോർട്ടും എഫ്ഐഎസ് അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും. കേസിൽ ഇഡി സമാന്തര അന്വേഷണം നടത്തുന്നതിൽ എതിർപ്പ് അറിയിച്ച് എസ്ഐടി കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്.
ശബരിമല സ്വർണകൊള്ള കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആർ അടക്കമുള്ള രേഖകളാണ് ഇഡി ആവശ്യപ്പെട്ടത്. ഹൈകോടതി ഉത്തരവിനെ തുടർന്ന് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ പിഎംഎൽഎ നിയമപ്രകാരവും അന്വേഷണം നടത്തേണ്ട ഏക ഏജൻസി എന്ന നിലയിലാണ് ഇഡി രേഖകൾ ആവശ്യപ്പെട്ടത് .
പൊതുരേഖയായ എഫ്ഐആർ അന്വേഷണ ഏജൻസിയായ ഇഡിക്ക് നിഷേധിക്കാനാകില്ലെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുളള അന്വേഷണം നിലവിൽ നടക്കുന്ന അന്വേഷണത്തിൽ നിന്ന് ഭിന്നമാണെന്നുമായിരുന്നു ഇഡിയുടെ വാദം. എന്നാൽ, രേഖകൾ നൽകുന്നത് എങ്ങനെയാണ് എസ്ഐടിയുടെ അന്വേഷണത്തെ ബാധിക്കുന്നതെന്നായിരുന്നു ഇഡിയുടെ ചോദ്യം. ഹൈക്കോടതി അനുമതിയോടെയാണ് രേഖകൾ ആവശ്യപ്പെടുന്നതെന്നും ഇഡി വാദിച്ചിരുന്നു.
ഇതിനിടെ കേസിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചങ്ങനാശേരി സ്വദേശി ബി. മുരാരി ബാബു. കെ എസ് ബൈജു എന്നിവർക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞിരുന്നു എന്നതിന് രേഖകളില്ലെന്ന വാദമാണ് പ്രതികൾ ഉന്നയിച്ചത്. എന്നാൽ, 1998 ൽ കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞതിൽ പങ്കാളികളായവരുടെ മൊഴികളടക്കം കോടതിയിൽ ഹാജരാക്കിയ സർക്കാർ ഈ വാദത്തെ എതിർത്തിരുന്നു.