പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം സെക്രട്ടറിഎസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അടുത്ത ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. നേരത്തെ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ എസ്ഐടിയുടെ വിശദീകരണം തേടിയ കോടതി ചൊവ്വാഴ്ച വിശദ വാദം നടത്തും.
ശബരിമല സ്വർണക്കൊള്ള കേസിലെ നാലാം പ്രതിയാണ് ജയശ്രീ. സ്വർണപ്പാളി സ്വർണം പൂശുന്നതിനായി കൊണ്ടുപോയത് സംബന്ധിച്ച മിനിറ്റ്സിൽ തിരുത്തൽ വരുത്തിയത് ജയശ്രീ ആണെന്ന് ആരോപിച്ചാണ് കേസിൽ പ്രതി ചേർത്തത്. കഴിഞ്ഞ ദിവസം എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ കോടതി തള്ളിയിരുന്നു.
ആരോപണങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കാട്ടിയായിരുന്നു ജയശ്രീ കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കേണ്ട അസാധാരണ സാഹചര്യം ഇല്ലെന്ന് പറഞ്ഞ് ജാമ്യ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.