തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിരിക്കുന്നു. ശ്രീകോവിലില്‍ നിന്ന് നാല് ഉരുപ്പടികള്‍ മാത്രമാണ് എടുത്തുമാറ്റിയത്. സ്വർണം പൂശാനെന്ന പേരിൽ ഇളക്കി മാറ്റിയത് കട്ടിളയും വാതിലും ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളും തൂണുകളിലെ പാളികളും മാത്രമാണ്. 1998ല്‍ സ്ഥാപിച്ച സ്വര്‍ണം പൊതിഞ്ഞ ഉരുപ്പടികളില്‍ മറ്റൊന്നും ഇളക്കിയിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.
ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും ഇളക്കിയിട്ടില്ല. ശ്രീകോവിലിന്റെ വശങ്ങളിലുളള പാളികളും മാറ്റിയിട്ടില്ല. സന്നിധാനത്ത് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തലുകള്‍. ഈ മാസം 17നാണ് എസ്.ഐ.ടി. സന്നിധാനത്ത് പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധനാ ഫലം സീല്‍ ചെയ്ത കവറില്‍ കോടതിക്ക് കൈമാറും.
അതേ സമയം സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിമാർക്കെതിരെ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയത് തന്ത്രി കണ്ഠരര് രാജീവരുടെ അറിവോടെയെന്ന് പത്മകുമാർ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയ തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണ്. അതുകൊണ്ടാണ് പോറ്റിയെ വിശ്വസിച്ചതും കൂടുതൽ അടുപ്പം കാട്ടിയതുമെന്നും മൊഴിയിലുണ്ട്.