KERALA

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം; മൊഴിയെടുക്കാന്‍ സമയം തേടി എസ്‌ഐടി

സ്വര്‍ണപ്പാളികളുമായി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പൂജയില്‍ നടന്‍ ജയറാമും ഭാഗമായിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെ അടക്കം കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജയറാമിനെ കേസില്‍ സാക്ഷിയാക്കാന്‍ നീക്കം.

സ്വര്‍ണപ്പാളികളുമായി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പൂജയില്‍ നടന്‍ ജയറാമും ഭാഗമായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായി ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം. ജയറാമിന്റെ മൊഴിയെടുക്കാന്‍ എസ്‌ഐടി സമയം തേടിയിട്ടുണ്ട്.

പത്മകുമാര്‍ അറസ്റ്റിലായതിന് പിന്നാലെ തന്നെ കടകംപള്ളി അടക്കമുള്ള ആളുകളുടെ മൊഴിയെടുത്തേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം എ പത്മകുമാറിനെ വെട്ടിലാക്കുന്ന മുന്‍ ബോര്‍ഡ് അംഗങ്ങളുടെ മൊഴി പുറത്തുവന്നിരുന്നു. ദേവസ്വം രേഖ തിരുത്തിയത് അംഗങ്ങള്‍ ഒപ്പിട്ട ശേഷമാണെന്നും തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശാനുള്ള തീരുമാനം അട്ടിമറിച്ചെന്നുമാണ് 2019ലെ ബോര്‍ഡ് അംഗങ്ങള്‍ മൊഴി നല്‍കിയത്. ഒപ്പിട്ട് പൂര്‍ത്തിയാക്കിയ മിനിട്‌സിലാണ് ചെമ്പെന്ന് എഴുതി ചേര്‍ത്തതെന്നും അംഗങ്ങളുടെ മൊഴി.

പത്മകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം മുന്നോട്ട് വെച്ചത് പത്മകുമാറാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സ്വര്‍ണത്തെ ചെമ്പാക്കിയ രേഖകള്‍ തയാറാക്കിയത് ഇതിന് ശേഷമെന്നും വിവരം. 2019 ഫെബ്രുവരിയിലാണ് കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം മുന്നോട്ട് വച്ചത്. പോറ്റിക്ക് അനുകൂല നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയെനും എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

SCROLL FOR NEXT