തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി - സോണിയാ ഗാന്ധി ചിത്രം ഉയർത്തി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആരോപണശരം. കട്ടവരും വാങ്ങിയവരും സോണിയയ്ക്കൊപ്പമെന്ന് മുഖ്യമന്ത്രിയുടെ ആരോപണം. അടൂർ പ്രകാശും ആൻ്റോ ആൻ്റണിയും എങ്ങനെ തട്ടിപ്പുകാർക്ക് ഒപ്പം ഒരുമിച്ചെത്തി. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശെന്നും മുഖ്യമന്ത്രി ചോദ്യമുയർത്തി.
എസ്ഐടി കടകംപള്ളിയുടെ മൊഴിയെടുത്തത് സ്വാഭാവികമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എസ്ഐടിക്ക് വിവിധ കാര്യങ്ങൾ അറിയാനുണ്ടാകും. അത് സ്വാഭാവികമാണ്. അത് അവർ തീരുമാനിക്കേണ്ട കാര്യമാണ്. സർക്കാരിനോട് അവർ ഒന്നും ചോദിക്കാറില്ല. അവരുടെ കൃത്യനിർവഹണം അവർ നടത്തട്ടെ, അവർ ഞങ്ങളോട് പറഞ്ഞല്ല കാര്യങ്ങൾ നടത്തുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സിബിഐ അന്വേഷണത്തിന്റെ ഘട്ടം ഇപ്പോഴില്ല. അന്വേഷണം നല്ല രീതിയിൽ നടക്കുന്നു. ആരെയാണ് ചോദ്യം ചെയ്യേണ്ടത് എന്ന് തീരുമാനിക്കാനുള്ള അധികാരം എസ്ഐടിക്ക് ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചതിയൻ ചന്തു പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി തള്ളി. സിപിഐ ചതിയും വഞ്ചനയും കാണിക്കുന്ന പാർട്ടിയല്ല. സിപിഐ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. നല്ല ഊഷ്മള ബന്ധമാണ് സിപിഐയുമായി ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനോയ് വിശ്വത്തിൻ്റെ പ്രതികരണത്തിൽ വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനോയ് വിശ്വമല്ല ഞാൻ, ഞാൻ പിണറായി വിജയനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കർണാടകയിലെ ബുൾഡോസർ നടപടിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിർത്തി നോക്കി പ്രതികരിക്കുക എന്നുള്ളതല്ല തൻ്റെ രീതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.