പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ എൻ. വിജയകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിൽ ദേവസ്വം ബോർഡിന്റെ വീഴ്ചകൾ നിരത്തി എസ്ഐടി. പോറ്റിയെ അതിരുവിട്ട് സഹായിക്കാൻ ദേവസ്വം മാന്വൽ തിരുത്തിയെന്നും മാന്വൽ തിരുത്തിയതിൽ പത്മകുമാറിനും വിജയകുമാറിനും ശങ്കരദാസിനും പങ്കെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ലാഭം ആഗ്രഹിച്ച് ഇരുവരും പത്മകുമാറിന് കൂട്ടുനിന്നെന്നും എസ്ഐടി കണ്ടെത്തൽ.
അതേസമയം, എല്ലാം പത്മകുമാർ പറഞ്ഞിട്ടാണ് ചെയ്തതെന്ന് വിജയകുമാറിന്റെ മൊഴിയിൽ പറയുന്നു. വിശ്വാസമുള്ളതിനാൽ വായിച്ച് നോക്കാതെ രേഖകളിൽ ഒപ്പിട്ടെന്നും ഒരു ഘട്ടത്തിൽ ആത്മഹത്യ ചെയ്യാൻ തോന്നിയെന്നും വിജയകുമാറിന്റെ മൊഴി.
ശബരമിലയിലെ വിഗ്രഹക്കടത്ത് ആരോപണത്തിൽ ഡി. മണിയെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും. മണിയുടെ സഹായികൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകി. എന്നാൽ, വിഗ്രഹക്കടത്തിൽ പങ്കില്ലെന്ന നിലപാട് മണി ആവർത്തിച്ചു.
കേസ് സമയബന്ധിതമായി തീർക്കാൻ അന്വേഷണം വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഉപഹർജി നൽകി. രണ്ട് സിഐമാരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തണം എന്നും ആവശ്യം.