എറണാകുളം: ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. ശാസ്ത്രീയ പരിശോധനയിലൂടെ സ്വർണക്കൊള്ള തെളിഞ്ഞെന്ന് ദേവസ്വം ബെഞ്ച് അറിയിച്ചു. ആശങ്കകള്‍ അടിസ്ഥാനമുള്ളതെന്നും കോടതി. ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘം ദേവസ്വം ബെഞ്ചിന് മുൻപിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇത് പരിശോധിച്ചാണ് ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആശങ്കകൾ അടിസ്ഥാനമുള്ളതാണ് എന്നാണ് കോടതി പറയുന്നത്. ശാസ്ത്രീയ പരിശോധനയിൽ സ്വർണക്കൊള്ള തെളിഞ്ഞതായി ദേവസ്വം ബോർഡ് ചൂണ്ടിക്കാണിക്കുന്നു. കോടതി ഉയർത്തിയ ആശങ്കകൾ പ്രഥമദൃഷ്ട്യാ നിലനിൽക്കും. കുറ്റകൃത്യത്തിന്റെ പ്രയോഗരീതി ശാസ്ത്രീയമായി വെളിപ്പെട്ടുവെന്നും ദേവസ്വം ബെഞ്ച് പറയുന്നു. വിഎസ്എസ്‌സിയിലെ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ചാണ് കോടതി ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.
സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തതിൻ്റെ കണ്ണികൾ തിരിച്ചറിഞ്ഞു. ഇതിൽ വ്യക്തിഗത ഉത്തരവാദിത്തവും ക്രിമിനൽ ബാധ്യതയും ഉൾപ്പെടും എന്നാണ് ദേവസ്വം ബെഞ്ചിൻ്റെ വിലയിരുത്തൽ. സ്വർണക്കവർച്ചയുടെ സാങ്കേതിക വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല എന്നും ഹൈക്കോടതി പറയുന്നു. കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ഉരുക്കിയ സ്വർണം ഉൾപ്പെടെയുള്ള തെളിവുകളും കണ്ടെത്താനുണ്ടെന്നും ഉത്തരവിൽ പറയുന്നു. അതോടൊപ്പം, ശാസ്ത്രജ്ഞന്മാരുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി കോടതിയെ അറിയിച്ചിട്ടുണ്ട്.