KERALA

ശബരിമല സ്വര്‍ണപ്പാളി മോഷണം: ഉണ്ണികൃഷ്ണന്‍ പോറ്റിക്കായി വഴിവിട്ട സഹായം; ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് നിരീക്ഷണത്തില്‍

സർക്കാരുകൾ മാറിമാറി വന്നിട്ടും 25 വര്‍ഷമായി ഉദ്യോഗസ്ഥന് ശബരിമലയില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ചിട്ടില്ല.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി മോഷണത്തില്‍ ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് നിരീക്ഷണത്തില്‍. ശബരിമല മരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഇടപാടുകള്‍ വിജിലന്‍സ് സംഘം പരിശോധിച്ചു. 25 വര്‍ഷമായി ഉദ്യോഗസ്ഥന് ശബരിമലയില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ചിട്ടില്ല.

അസിസ്റ്റന്റ് എഞ്ചിനീയര്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വഴിവിട്ട തരത്തില്‍ സഹായങ്ങള്‍ ചെയ്തുകൊടുത്തെന്നും കണ്ടെത്തല്‍ ഉണ്ട്.

1999ല്‍ സ്വര്‍ണപ്പാൡയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ടും അത് കഴിഞ്ഞ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായി എത്തുന്ന ഘട്ടത്തിലുമെല്ലാം മരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്. മാറി വരുന്ന സര്‍ക്കാരുകളുടെ കാലത്തും ദേവസ്വം പ്രസിഡന്റുമാരുടെ കാലത്തും എഞ്ചിനീയര്‍ അവിടെ തന്നെ തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വലിയ ക്രമക്കേട് നടന്നിട്ടുണ്ടാകുമെന്ന സാഹചര്യത്തിലേക്ക് എത്തുന്നത്.

അസി. എഞ്ചിനീയറുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കം വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളി കൊടുത്തു വിടുന്നതിലടക്കം അസി. എഞ്ചിനീയര്‍ക്ക് കൃത്യമായ പങ്കുണ്ടെന്നുമാണ് ഇപ്പോള്‍ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

കൂടുതല്‍ ഉദ്യോഗസ്ഥര്‍ ദേവസ്വം വിജിലന്‍സിന്റെ നിരീക്ഷണത്തിലുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. അതിന്റെ ഭാഗമായാണ് മുരാരി ബാബുവിനെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തത്. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

SCROLL FOR NEXT