തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനാ ഫലം അനേഷണ സംഘത്തിന് ലഭിച്ചു. കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും പൂശിയ സ്വർണം മാത്രമാണ് കൊള്ളയടിച്ചതെന്നുമാണ് റിപ്പോർട്ടിലുള്ളത് എന്നാണ് സൂചന. ജംഷഡ്‌പൂരിലെ ദേശീയ മെറ്റലർജിക്കൽ ലബോറട്ടറിയുടെ ഫലം എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
എട്ട് സാമ്പിൾ പരിശോധന ഫലങ്ങളാണ് എസ്ഐടിക്ക് കൈമാറിയിരിക്കുന്നത്. ദ്വാരപാലക ശിൽപ്പപാളി, കട്ടിളപാളി എന്നിവയിൽ നിന്നാണ് സാമ്പിൾ ശേഖരിച്ചത്. ശബരിമല കേസിലെ സുപ്രധാന റിപ്പോർട്ടാണ് എസ്ഐടിക്ക് മുന്നിലെത്തിയിരിക്കുന്നത്. കേസിൽ കുറ്റപത്രങ്ങൾ ഉടൻ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുന്നത്. അതിനാൽ നിയമോപദേശം തേടിയ ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കാൻ സാധിക്കൂ എന്നും കെ. മുരളീധരൻ വ്യക്തമാക്കി.