ശബരിമല സംരക്ഷണ സംഗമ വേദി, കെ. അണ്ണാമലൈ Source: News Malayalam 24x7
KERALA

ആഗോള അയ്യപ്പ സംഗമത്തിന് ബദൽ; സംഘപരിവാറിൻ്റെ 'ശബരിമല സംരക്ഷണ സംഗമം' ഇന്ന്

പരിപാടി രാഷ്ട്രീയത്തിന് അതീതമെന്ന് അവകാശപ്പെടുമ്പോഴും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ആർഎസ്എസ് - ബിജെപി പ്രവർത്തകർ ആയിരുന്നു പരിപാടിയിൽ ഭൂരിപക്ഷവും

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാർ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം പന്തളത്ത് ആരംഭിച്ചു. തീർഥപാദാശ്രമം മഠാധിപതി സംപൂജ്യ പ്രജ്ഞാനാനന്ദ തീർഥപാദർ സംഗമം ഉദ്ഘാടനം ചെയ്തു. വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന പൊതുസമ്മേളനം ബിജെപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്യും.

ശബരിമല വികസനം മുന്‍നിര്‍ത്തി ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പ സംഗമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഘപരിവാര്‍ സംഘടനകള്‍ ശബരിമല സംരക്ഷണ സംഗമം പ്രഖ്യാപിച്ചത്. വിശ്വാസം, വികസനം, സംരക്ഷണം എന്നീ മൂന്ന് വിഷയങ്ങളിലാണ് ശബരിമല സംരക്ഷണ സംഗമത്തിൽ സെമിനാറുകൾ നടക്കുന്നത്. തീർഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർഥപാദരാണ് സംഗമം ഉദ്ഘാടനം ചെയ്തത്. രാഷ്ട്രീയത്തിനതീതമായി ഭക്തർ സംഗമത്തിലേക്ക് എത്തുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് അവകാശപ്പെട്ടു.

ആഗോള അയ്യപ്പ സംഗമത്തിന് യോഗി ആദിത്യനാഥിന്റെ ആശംസ ഉണ്ടായത് എങ്ങനെ എന്ന് പരിശോധിക്കുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. പരിപാടി രാഷ്ട്രീയത്തിന് അതീതമെന്ന് അവകാശപ്പെടുമ്പോഴും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ആർഎസ്എസ് - ബിജെപി പ്രവർത്തകർ ആയിരുന്നു പരിപാടിയിൽ ഭൂരിപക്ഷവും. കുമ്മനം രാജശേഖരൻ, വത്സൻ തില്ലങ്കേരി, കെ.പി. ശശികല എന്നീ നേതാക്കളും വേദിയിൽ ഉണ്ടായിരുന്നു.

കേസിലും കൂട്ടത്തിലും പെട്ട് വട്ടംതിരിയുന്ന അയ്യപ്പഭക്തർക്ക് അതിൽനിന്നും മോചനം വേണമെന്ന് കെ.പി. ശശികല പറഞ്ഞു. മൂന്നുമണിക്ക് നടക്കുന്ന പൊതുസമ്മേളനം തമിഴ്നാട് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. എംപി തേജസ്വി യാദവും പരിപാടിയിൽ പങ്കെടുക്കും. ദേവസ്വം ബോർഡ് ആഗോള അയ്യപ്പ സംഗമം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സംഘപരിവാർ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ ശബരിമല കർമ്മ സമിതി രൂപീകരിച്ച് ബദൽ സംഗമം പ്രഖ്യാപിച്ചത്.

SCROLL FOR NEXT