പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് 4.56ന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് ആണ് നട തുറന്നത്. മകരവിളക്ക് പൂജകൾ നാളെ മുതൽ ആരംഭിക്കും. മേൽശാന്തി ഇ.ഡി. പ്രസാദ് ആഴിയിൽ അഗ്നി പകർന്നതോടെ തീർത്ഥാടകർക്ക് പതിനെട്ടാം പടി തുറന്നു കൊടുത്തു. നട തുറക്കുന്നത് കാത്ത് നടപ്പന്തലിലും തിരുമുറ്റത്തും പതിനായിരക്കണക്കിന് ഭക്തരാണ് നിലയുറപ്പിച്ചിരുന്നത്.
സ്പോട്ട് ബുക്കിങ്ങിലെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് 30,000 പേർക്ക് മാത്രമാണ് സ്പോട്ട് ബുക്കിങ് വഴി ഇന്ന് പ്രവേശനം അനുവദിച്ചത്. ഇന്നലെ മുതൽ നിലക്കലും എരുമേലിയിലുമായി നിലയുറപ്പിച്ചിരുന്ന ഭക്തർക്ക്, ഇന്ന് ഉച്ചയോടെയാണ് പമ്പയിലേക്ക് പ്രവേശനം അനുവദിച്ചത്. മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായി ഇന്ന് പ്രത്യേക പൂജകൾ ഇല്ല. ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് പൂജകൾക്കായി നാളെ പുലർച്ചെ 3ന് നട തുറക്കും.