പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപ്പാളി ദ്വാരപാലക ശിൽപ്പത്തിൽ ഘടിപ്പിക്കും. നാലുമണിയോടെയാണ് പുനഃസ്ഥാപിക്കുന്നതിനുള്ള ചടങ്ങുകൾ നടക്കുക. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശിയ പാളികളാണ് പുനഃസ്ഥാപിക്കുന്നത്. ഹൈക്കോടതി അനുമതിയോടെയാണ് നടപടി.
അതേസമയം, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നാളെ നടക്കും. 14 പേരാണ് ശബരിമല മേൽശാന്തിയുടെ സാധ്യത പട്ടികയിൽ ഉള്ളത്. 13 പേരിൽ നിന്നാണ് മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുക്കുക. രാഷ്ട്രപതിയുടെ സന്ദർശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളും സന്നിധാനത്ത് പുരോഗമിക്കുകയാണ്. 22ന് തീർത്ഥാടകർക്ക് നിയന്ത്രണമുണ്ട്.