KERALA

കിറ്റെക്‌സിന്റെ കണക്കുകള്‍ സുതാര്യം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ഇഡി നോട്ടീസ് വന്നെന്ന് സമ്മതിച്ച് സാബു എം. ജേക്കബ്

ഇഡി ഓഫീസില്‍ മാത്രമല്ല ഇന്‍കം ടാക്‌സ്, ജിഎസ്ടി ഓഫീസിലും പോയിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കിറ്റെക്‌സിനെതിരെ ഇഡി നോട്ടീസ് വന്നിരുന്നുവെന്ന് സമ്മതിച്ച് സാബു എം. ജേക്കബ്. കിറ്റെക്‌സിന്റെ കണക്കുകള്‍ എല്ലാം സുതാര്യമാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി ഒരു പരാതിയും ഇല്ലെന്നും സാബു എം. ജേക്കബ് പറഞ്ഞു.

കിറ്റെക്‌സ് ഗ്രൂപ്പിനെതിരെ ഇഡി അന്വേഷണം നടക്കുന്നിതനിടെയാണ് ട്വന്റി ട്വന്റി എന്‍ഡിഎയുടെ ഭാഗമായതെന്ന വാര്‍ത്തകള്‍ക്കിടെയാണ് സാബു ജേക്കബിന്റെ പ്രതികരണം.

എന്നാല്‍ ചില മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നാണ് സാബു ജേക്കബിന്റെ വാദം. കഴിഞ്ഞ മെയ് മാസത്തില്‍ ഇഡി ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഇഡി ആവശ്യപ്പെട്ടത് അഞ്ച് വര്‍ഷത്തെ ബാലന്‍സ് ഷീറ്റാണ്. എക്‌സ്‌പോര്‍ട്ട് ചെയ്ത ഉത്പന്നങ്ങളുടെ തുക കിട്ടിയോ എന്നും അന്വേഷണം ഉണ്ടായെന്നും സാബു ജേക്കബ് പറഞ്ഞു.

ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കി. എല്ലാ ഇടപാടുകളും ബാങ്ക് വഴിയാണ് നടത്തിയത്. എല്ലാവര്‍ക്കും നല്‍കിയ കൂട്ടത്തില്‍ ആണ് ഇഡി നോട്ടീസ് അയച്ചതെന്നും സാബു ജേക്കബ് പറഞ്ഞു. വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെടും. ഇഡി ഓഫീസില്‍ മാത്രമല്ല ഇന്‍കം ടാക്‌സ്, ജിഎസ്ടി ഓഫീസിലും പോയിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.

ഒരു ഡോളറിന്റെ വിദേശ വിനിമയ ചട്ടം ലംഘിച്ചു എന്ന് തെളിയിച്ചാല്‍ ബിസിനസ് നിര്‍ത്തുമെന്നും ഒരു സര്‍ക്കാരിന്റെയും ആനുകൂല്യം കിറ്റെക്‌സ് കൈപ്പറ്റിയിട്ടില്ലെന്നും സാബു ജേക്കബ് പറഞ്ഞു. അന്വേഷണം നടത്തിയപ്പോള്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചു, അതോടെ അന്വേഷണം അവസാനിപ്പിച്ചുവെന്നും ഇഡി കേസ് എടുത്തിട്ടില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

രണ്ട് തവണ കിറ്റെക്‌സ് കമ്പനിക്കെതിരെ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും സാബു ജേക്കബ് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനം എന്നും ആരോപണം ഉണ്ടായിരുന്നു.

ഫെമ നിയമലംഘനത്തിനാണ് ഇഡി കേസെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് തവണ നോട്ടീസ് നല്‍കിയിട്ടും നേരിട്ട് ഹാജരാകാതെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ അയയ്ക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

SCROLL FOR NEXT