ബിജെപി ഫേസ്ബുക്കിൽ പങ്കുവെച്ച ദേശീയപതാകയേന്തിയ 'ഭാരതാംബ'യുടെ പോസ്റ്റർ Source: Facebook/ BJP Keralam
KERALA

കാവിക്കൊടിയും ഭൂപടവും ഒഴിവാക്കി; ദേശീയ പതാകയേന്തിയ പുതിയ 'ഭാരതാംബ'യുമായി ബിജെപി

ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്.

Author : ന്യൂസ് ഡെസ്ക്

വിവാദങ്ങൾക്കിടെ 'ഭാരതാംബ'യുടെ കയ്യിലെ കാവി കൊടിയും ഭൂപടവും ഒഴിവാക്കി ബിജെപി. സർക്കാരിനും പ്രതിപക്ഷത്തിനും എതിരായ പ്രതിഷേധസമരത്തിൻ്റെ പോസ്റ്ററിലുള്ളത് ദേശീയപതാകയേന്തിയ 'ഭാരതാംബ'യാണ്. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. ഇന്ന് നടക്കുന്ന ബിജെപിയുടെ സെക്രട്ടേറിയറ്റിന് മുന്നിലെ പരിപാടിയുടെ പോസ്റ്ററിലാണ് തിരുത്ത്. ഭാരതമാതാവിന് പുഷ്പാർച്ചന എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ പോസ്റ്ററിലാണ് ദേശീയപതാകയേന്തിയ 'ഭാരതാംബ'യുള്ളത്. ഇന്ന് രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് മുൻ കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഉദ്ഘാടനം ചെയ്യുന്നത്.

ജൂൺ അഞ്ചിന് കൃഷി വകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ 'ഭാരതാംബ'യുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് കഴിഞ്ഞ ദിവസം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധിച്ച് രാജ്ഭവനിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ബഹിഷ്കരിച്ചിരുന്നു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ വിതരണ ചടങ്ങാണ് വിദ്യാഭ്യാസ മന്ത്രി ബഹിഷ്കരിച്ചത്. തുടർന്ന് പരിപാടി ബഹിഷ്കരിച്ച മന്ത്രിക്കെതിരെ രാജ്ഭവൻ രംഗത്തെത്തി.

എന്നാൽ, ഇത്തരം പരിപാടികളില്‍ രാഷ്ട്രീയ ബിംബങ്ങൾ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ കാണിക്കുന്നത് അഹങ്കാരമാണെന്നും മന്ത്രി പറഞ്ഞു. രാജ്ഭവനും കേരള സർക്കാരും ചേർന്ന് നടത്തുന്ന പരിപാടിയില്‍ രാഷ്ട്രീയ നിറമോ ചിഹ്നമോ പാടില്ലെന്ന് മന്ത്രി പറഞ്ഞു. ഭാരതാംബയെന്ന് നിങ്ങള്‍ പറയുന്ന ആളുടെ ചിത്രത്തിന് മുന്നില്‍ തിരികൊളുത്തുന്നത് ഒരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണെന്നും അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി പറഞ്ഞതായി അറിയിച്ചു. ഗവർണറുടെ രാഷ്ട്രീയ നിലപാടിനോട് പ്രതിഷേധം അറിയിച്ച ശേഷമാണ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. തന്റെ രാജ്യം ഇന്ത്യയാണെന്നും അതിന്റെ നട്ടെല്ല് ഭാരണഘടനയാണെന്നും അതിനു മുകളില്‍ മറ്റൊരു സങ്കല്‍പ്പവുമില്ലെന്നും വ്യക്തമാക്കിയ ശേഷമാണ് വിദ്യാഭ്യാസ മന്ത്രി വേദി വിട്ടത്. പിന്നാലെ, ഗവർണറെയും മന്ത്രി വി. ശിവൻകുട്ടിയെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി നേതാക്കൾ രംഗത്തെത്തി.

SCROLL FOR NEXT