തിരുവനന്തപുരം: സംസ്ഥാനത്ത് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും ബേക്കറികളിലും വൈൻ വിൽപ്പന നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ നിർദേശം. നിലവിലെ ഉത്തരവ് സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. എക്സൈസ് കമ്മീഷണർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
തൃശൂർ സ്വദേശി എം.ആർ.സി. ബേക്കറി ഉടമ കൃഷ്ണകുമാർ എന്ന വ്യക്തിക്ക് നൽകിയ ലൈസൻസ് ആണ് മരവിപ്പിച്ചത്. മാളുകളും ബേക്കറികളും കേന്ദ്രീകരിച്ചുള്ള വൈൻ വിൽപ്പന സർക്കാരിൻ്റെ മദ്യനയത്തിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയിൽ മാറ്റം വരുത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ വിവാദങ്ങൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. അതിനിടയിലാണ് പഴങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പതിനഞ്ച് ശതമാനം വീര്യമുള്ള വൈൻ വിപണയിലെത്തിയത്. എക്സൈസ് കമ്മീഷണർ സാംബശിവ റാവു ചാലക്കുടിയിലുള്ള എം ആർ സി ബേക്കറിയ്ക്ക് വില്പനയുക്കുള്ള അനുമതി നൽകിയത് , ജൂണിൽ. കഴിഞ്ഞ ദിവസം, ചാലക്കുടിയിലുള്ള ബീവറേജസ് കോർപ്പറേഷനിൽ നിന്ന് 45,260 രൂപയുടെ വൈൻ ശേഖരിച്ചെന്ന് ബേക്കറി ഉടമയും സ്ഥിരീകരിച്ചു. എന്നാൽ എക്സൈസ് കമ്മീഷണറുടെ നടപടിയിൽ കടുത്ത അതൃപ്തിയിലാണ് മന്ത്രി എം. ലിജു.
വിവാദമായതോടെ ബേക്കറികളിൽ ഹോർട്ടി വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കാൻ സർക്കാർ നടപടി തുടങ്ങി . എം ആർ സി ബേക്കറിക്കുള്ള ലൈസൻസ് റദ്ദാക്കാൻ നിർദേശം നൽകി. ലൈസൻസ് നൽകുന്നതിൽ എക്സൈസ് കമ്മീഷണറെ വിവരങ്ങൾ ധരിപ്പിച്ച അബ്കാരി ഡെപ്യൂട്ടി കമ്മീഷണർക്ക് എതിരെയും നടപടി ഉണ്ടാകും. വിഷയത്തിൽ നിയമോപദേശം തേടാൻ അഡീഷണൽ ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണിൽ നൽകിയ ലൈസൻസിനെ കുറിച്ച് അറിയാത്തത് മന്ത്രിയുടെ കുഴപ്പമാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വിമർശിച്ചു.
രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് അബ്കാരി ആക്റ്റിൽ ഭേദഗതി വരുത്തിയാണ് പഴങ്ങളിൽ നിന്നുള്ള വൈൻ ഉൽപാദനത്തിന് അനുമതി ലഭ്യമാക്കിയത്. ഹൈപ്പർ മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, നൂറ് ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള ബേക്കറികൾ എന്നിവിടങ്ങളിലാണ് വിൽപ്പനയ്ക്ക് അനുമതി.