KERALA

വെള്ളാപ്പള്ളിക്ക് അപരമതദ്വേഷവും വെറുപ്പും വിനിമയം ചെയ്യുന്ന വിഷമനസ്; സംഘ് ശൈലിയില്‍ മത ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു: സത്താര്‍ പന്തല്ലൂര്‍

''ഒരുകാലത്ത് മുസ്ലിംകളെയും പിന്നോക്കക്കാരെയും കൂട്ടിപ്പിടിച്ച് സംവരണ സമുദായ മുന്നണിയുണ്ടാക്കിയ നടേശന്റെ പുതിയ നിലപാടുകള്‍ മടിയിലെ കനം മൂലമുള്ള ഭയത്തില്‍ നിന്നാവാം''

Author : ന്യൂസ് ഡെസ്ക്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത യുവജന നേതാവ് സത്താര്‍ പന്തല്ലൂര്‍. വെള്ളാപ്പള്ളി അപരമതദ്വേഷവും വെറുപ്പും മാത്രം വിനിമയം ചെയ്യുന്ന വിഷമനസായി മാറി. സംഘ് ശൈലിയില്‍ മത ന്യൂനപക്ഷങ്ങളെയും കടന്നാക്രമിക്കുന്നുവെന്നും നടേശന്റെ പുതിയ നിലപാടുകള്‍ മടിയിലെ കനം മൂലമുള്ള ഭയത്തില്‍ നിന്നവാമെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ സര്‍ക്കാരിനെതിരെയും വിമര്‍ശനമുണ്ട്. ഹീനമായ പ്രസ്താവനകള്‍ നടത്തുമ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ വെള്ളാപ്പള്ളിയെ വാഴ്ത്തി പാടുന്നു. വെള്ളാപ്പള്ളിക്കെതിരെ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് വി.ഡി. സതീശന്‍ മാത്രമാണെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും, ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകകള്‍ സ്വപ്നം കാണുകയും ചെയ്ത വലിയ മനുഷ്യന്റെ അനുയായി എന്ന നിലയിലാണ് കേരളത്തില്‍ വെള്ളാപ്പള്ളി നടേശനെന്ന ഈഴവ നേതാവിനെ കേട്ടു തുടങ്ങിയത്. എന്നാല്‍, ഇന്ന് അപരമതദ്വേഷവും വെറുപ്പും മാത്രം വിനിമയം ചെയ്യുന്ന വിഷമനസ്സായി അദ്ദേഹം മാറി.

ഉത്തരേന്ത്യന്‍ സംഘ് ശൈലിയില്‍ മത ന്യൂനപക്ഷങ്ങളെയും പ്രദേശങ്ങളെയും അദ്ദേഹം കടന്നാക്രമിക്കുന്നു. ഒരുകാലത്ത് മുസ്ലിംകളെയും പിന്നോക്കക്കാരെയും കൂട്ടിപ്പിടിച്ച് സംവരണ സമുദായ മുന്നണിയുണ്ടാക്കിയ നടേശന്റെ പുതിയ നിലപാടുകള്‍ മടിയിലെ കനം മൂലമുള്ള ഭയത്തില്‍ നിന്നാവാം. ഹീനമായ പ്രസ്താവനകളുമായി നടേശന്‍ മുന്നേറുമ്പോള്‍ തിരുത്തേണ്ടതിനു പകരം അപദാനങ്ങള്‍ വാഴ്ത്തിപ്പാടാനാണ് ഉത്തരവാദിത്തപ്പെട്ടവര്‍ മുതിരുന്നത്. മന്ത്രിമാരും സാമാജികരും എന്ന ഭേദമതിനില്ല. ഇടതും വലതുമതിലുണ്ട്. വി എസിനെതിരെ പോസ്റ്റിട്ടതിന് അറസ്റ്റ് ചെയ്ത കേരള പോലീസ് നടേശന്റെ തീവ്ര വര്‍ഗ്ഗീയതക്കു മുന്നില്‍ മാവിലായിക്കാരാണ്. എന്നാല്‍ ഇവിടെ വ്യത്യസ്തമായി മുഴങ്ങിക്കേട്ട ശബ്ദം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെതായിരുന്നു.

പ്രകോപിതനായ നടേശന്‍ വി.ഡി. സതീശനെതിരെ നടത്തിയ അസഭ്യവാക്കുകള്‍ ഞെട്ടലുളവാക്കുന്നതാണ്. നടേശന്റെ വര്‍ഗീയതക്കെതിരെ പറയാന്‍ ആളില്ലെന്നതു പോലെ, സതീശനെ പ്രതിരോധിക്കാനും ഒരു കോണ്‍ഗ്രസ് നേതാവിനെയും ഈ വഴി കണ്ടില്ല. വര്‍ഗീയ രാഷ്ട്രീയത്തിനു മുന്നില്‍ ബധിരത പൂണ്ടവര്‍ ഇടതായാലും വലതായാലും കസേരമോഹങ്ങളുമായി ഈ വഴി വരരുതെന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വി.ഡി. സതീശന്റ്റേത് ഒറ്റപ്പെട്ട ശബ്ദമല്ല, മതേതര കേരളം കൂടെയുണ്ടെന്ന് അറിയിക്കുകയാണ്,' സത്താര്‍ പന്തല്ലൂര്‍ കുറിച്ചു.

കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃസംഗമം പരിപാടിയിലെ വെള്ളാപ്പള്ളി നടേശന്റെ പ്രസംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മുസ്ലീം ജനസംഖ്യ കേരളത്തില്‍ വര്‍ധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരമാര്‍ശം. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാല്‍ മതിയെന്ന സ്ഥിതിയാണ് കേരള സര്‍ക്കാരിനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. എന്നാല്‍, വിമര്‍ശനം ഉയര്‍ന്നിട്ടും ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സമീപനമായിരുന്നു വെള്ളാപ്പള്ളി സ്വീകരിച്ചത്.

എന്നാല്‍ ആരോപണങ്ങളിലൂടെ തന്നെ മുസ്ലീം വിരുദ്ധനാക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നായാടി മുതല്‍ നസ്രാണി വരെയുള്ള കൂട്ടായ്മ ആണ് ഇന്നത്തെ കാലത്ത് വേണ്ടത്. വിഎസ് അച്യുതാനന്ദന്‍, എകെ ആന്റണി എന്നിവര്‍ നേരത്തെ സംഘടിത മത ശക്തികളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഞാന്‍ പറഞ്ഞാല്‍ മാത്രമേ പ്രശ്‌നം ആകുന്നുള്ളൂ. മലപ്പുറത്ത് മുസ്ലിം സമുദായം എല്ലാ സൗകര്യങ്ങളും അനുഭവിക്കുന്നു എന്നാണ് പറഞ്ഞത്. തന്റെ സമുദായം എല്ലാ കഷ്ടതകളും അനുഭവിക്കുന്നു എന്നാണ് പറഞ്ഞത്. താന്‍ മുസ്ലീം വിരുദ്ധനല്ല. എന്റെ കേസുകള്‍ എല്ലാം നോക്കുന്നത് മുസ്ലീം ആയ അഭിഭാഷകനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തന്നെ മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. മലപ്പുറത്ത് വിദ്യാഭാസ മേഖലയില്‍ ഉള്‍പ്പെടെ വിവേചനം നേരിടുന്നു. സ്ഥാപനങ്ങള്‍ കൂടുതലും ഉള്ളത് മുസ്ലിം സമുദായത്തിനാണ്. നമുക്കും കുറച്ച് പൊട്ടും പൊടിയും എങ്കിലും വേണം എന്നെ പറഞ്ഞുള്ളൂ. അപ്പോഴേക്കും കൊടുവാള്‍ കൊണ്ട് ഇറങ്ങുന്നു. അഭിപ്രായം പറഞ്ഞതില്‍ നിന്ന് മാറുന്നില്ല. അതിന്റെ പേരില്‍ തുലച്ച് കളയും എങ്കില്‍ ആവാം. ജനസംഖ്യ ആനുപാതികമായി എത്ര വിദ്യാഭാസ സ്ഥാപനങ്ങള്‍ ഉണ്ടെന്നും വെള്ളാപ്പള്ളി ചോദിച്ചു.

അതേസമയം, ഗുരുദേവന്‍ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. എന്റെ മണ്ഡലത്തില്‍ 52% വോട്ടര്‍മാരും ഈഴവ വിഭാഗത്തിലേതാണ്. എന്നെക്കുറിച്ച് അറിയാന്‍ മണ്ഡലത്തില്‍ തിരക്കിയാല്‍ മതി. ഒരു ഈഴവ വിരോധവും ഞാന്‍ കാണിച്ചില്ല. ഞാനും ഒരു ശ്രീനാരായണീയനാണ്. ആരു വര്‍ഗീയത പറഞ്ഞാലും അംഗീകരിക്കില്ലെന്നും വിഡി. സതീശന്‍ പ്രതികരിച്ചു.

SCROLL FOR NEXT