മദ്യ നികുതി കുറച്ചതിൽ സർക്കാരിനെതിരെ സമസ്ത മുഖപത്രം 
KERALA

മുഖ്യമന്ത്രി മദ്യ വ്യാപനത്തിന് പച്ചക്കൊടി കാട്ടുന്നു; മദ്യ നികുതി കുറച്ചതിൽ സർക്കാരിനെതിരെ സമസ്ത മുഖപത്രം

സർക്കാരിൻ്റെ പുതിയ തീരുമാനം മദ്യകമ്പനികളെ സഹായിക്കാനെന്ന് മുഖപത്രം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സർക്കാർ മദ്യ നികുതി കുറച്ചതിനെതിരെ സമസ്ത മുഖപത്രം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെയാണ് സമസ്ത എപി വിഭാഗം രംഗത്തെത്തിയത്. മുഖ്യമന്ത്രി മദ്യ വ്യാപനത്തിന് പച്ചക്കൊടി കാട്ടുകയാണെന്നും മുഖപത്രം വിമർശിച്ചു.

മദ്യത്തെ വീര്യം കൂടിയത് കുറഞ്ഞത് എന്ന് തരംതിരിക്കുന്നത് വിഡ്ഢിത്തമാണ്. മുൻ നിലപാടുകളോടും പ്രകടന പത്രികയോടും മുഖ്യമന്ത്രി നീതി പുലർത്തണമെന്നും സമസ്ത മുഖപത്രം ആവശ്യപ്പെട്ടു.

ഇതിലൂടെ ആർക്കൊക്കെ ഗുണം ലഭിക്കുമെന്ന് വൈകാതെ തിരിച്ചറിയും. യുവാക്കളെ മദ്യ ഉപഭോഗത്തിലേക്ക് വഴിതിരിച്ചു വിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. മദ്യനിരോധനമാണ് ആവശ്യം. പുതിയ തീരുമാനം മദ്യ കമ്പനികളെ സഹായിക്കാൻ ആണെന്നും മുഖപത്രം ആരോപിച്ചു.

മദ്യനയത്തിലെ മുഖ്യമന്ത്രിയുടെ തീരുമാനം തിരുത്തണമെന്നും സിറാജിലെ മുഖപ്രസംഗത്തിൽ പറയുന്നു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണാതെ, ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കി മദ്യത്തിന് മാത്രം ഇത്രയും വലിയ നികുതിയിളവ് നൽകുന്നത് അങ്ങേയറ്റം ദോഷകരവും പ്രതിഷേധാർഹവുമാണ്. ഈ തീരുമാനത്തിനെതിരെ സമസ്തയ്ക്ക് പുറമെ പ്രതിപക്ഷവും മദ്യവിരുദ്ധ സംഘടനകളും കടുത്ത വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്.

SCROLL FOR NEXT