കോഴിക്കോട്: ഏറെ നാളായി തുടരുന്ന സമസ്ത-ലീഗ് പ്രശ്‌നം പരിഹരിച്ചു. പരിപൂര്‍ണമായ പരിഹാരം ഒരാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് ലീഗ് സമസ്ത നേതാക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
സമസ്ത-ലീഗ് തര്‍ക്കം പരിഹരിക്കുന്നതിനായി കോഴിക്കോട് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. സമസ്തയുടെ നൂറാം വാര്‍ഷികം കാസര്‍ഗോഡ് വെച്ച് വിപുലമായി ആഘോഷിക്കാനും തീരുമാനമായിട്ടുണ്ട്. നൂറാം വാര്‍ഷിക സമ്മേളം ഒറ്റക്കെട്ടായി വിജയിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
പരസ്പരം ഉണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ത്തെന്നും ബാക്കിയുള്ളവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഹാരം ഉണ്ടാകുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. യോഗം തൃപ്തികരമായിരുന്നെന്ന് സാദിഖലി തങ്ങളും വ്യക്തമാക്കി. ഇരുവിഭാഗങ്ങള്‍ക്കും പറയാനുള്ളത് പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി സമ്മേളനം വിജയിപ്പിക്കുമെന്നും യോഗത്തില്‍ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.