തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിൽ രൂക്ഷവിമർശനവുമായി സമസ്ത. മുഖപത്രമായ സുപ്രഭാതത്തിലാണ് സമസ്തയുടെ വിമർശനം. യുഡിഎഫ് സർക്കാരിന്റെ നടപടി ആശങ്കയുണ്ടാക്കുന്നുണ്ട്. ബക്കാഡി കമ്പനിയെ സഹായിക്കാനെന്ന പ്രതിപക്ഷ ആരോപണം ഗൗരവമുള്ളതാണ്. മുന്നണിയിൽ നിന്ന് ഉയർന്ന എതിർപ്പ് സർക്കാരിനെ സംശയമുനയിൽ നിർത്തുന്നു. വ്യക്തമായ വിശദീകരണം നൽകേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും സമസ്ത വ്യക്തമാക്കി.
അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ഇന്ന് വ്യക്തത വരുത്തും. ബജറ്റ് ചർച്ചയ്കുള്ള മറുപടിക്കിടെയാകും വിശദീകരിക്കും. രാവിലെ മന്ത്രിസഭായോഗത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകും. എക്സൈസ് മന്ത്രി എം. ലിജു അടക്കമുള്ളവർ വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്, പിഎം ശ്രീ പദ്ധതികൾ എന്നിവയിൽ ഡിവൈഎഫ്ഐ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരം രാവിലെ 10 മണിക്ക് ആരംഭിക്കും. മദ്യനികുതി ഇളവിലും പിഎം ശ്രീയിലും പ്രതിപക്ഷത്ത് ഉണ്ടായിരുന്നപ്പോഴത്തെ നിലപാട് യുഡിഎഫ് വിഴുങ്ങിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. വിദ്യാർത്ഥികളെ കാവിവത്കരിക്കാനും, ലഹരിയിലേക്ക് തള്ളിവിടാനുമുള്ള പദ്ധതികൾ നടപ്പാക്കാൻ അനുവദിക്കില്ലെന്നുമുള്ള മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിഷേധം.