തിരുവനനന്തപുരം: ബാര്‍ ലൈസന്‍സ് അനുമതി വിവാദത്തില്‍ കസേരയില്‍ നിന്നും തെറിപ്പിക്കുന്നതിന് മുന്നേ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിയുടെ ഓഫീസിനെതിരെയും സീറാം സാംബശിവ റാവു സമര്‍പ്പിച്ച ഗുരുതര സ്വഭാവമുള്ള റിപ്പോര്‍ട്ട് പുറത്ത്.
ജോയിന്റ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ ബാര്‍ ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങുന്നുവെന്നും, നിയമനങ്ങളില്‍ അധികാര പരിധിവിട്ട് ഏകപക്ഷീയമായി പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതില്‍ മന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും പരാമര്‍ശം. മന്ത്രിക്ക് അടുത്തറിയാവുന്ന കായംകുളത്തെ ബാറുടമയില്‍ നിന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ കൈക്കൂലി വാങ്ങിയത്. മന്ത്രി അന്വേഷിച്ചാല്‍ കൂടുതല്‍ വിവരം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എസ്. വിനോദ്, കോട്ടയം ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് എന്നിവര്‍ക്കെതിരെയാമ് കൈക്കൂലി ആരോപണം. മൂവാറ്റുപുഴ ഗംഗ ബാറില്‍ നിന്ന് വിനോദ് 50,000 രൂപ കൈക്കൂലി വാങ്ങി. ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് കായംകുളം റോമാ സെന്റര്‍ ബാര്‍ ഉടമയില്‍ നിന്നും 30,000 കൈക്കൂലി വാങ്ങി. ഈ വര്‍ഷം ലൈസന്‍സ് പുതുക്കുന്നതിനായി 20,000 രൂപയും വാങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് സാംബശിവ റാവുവിനെ മാറ്റിയത്. എക്സൈസ് കമ്മീഷണറുടെ പ്രവര്‍ത്തനങ്ങളില്‍ വകുപ്പ് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മാറ്റം എന്നാണ് സൂചന.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തുടര്‍ച്ചയായി മന്ത്രി അറിയാതെ കാര്യങ്ങള്‍ തീരുമാനിക്കുകയും അതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരികയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. ഇതില്‍ എം. ലിജു വലിയ അതൃപ്തി രേഖപ്പെടുത്തുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും സാംബശിവ റാവുവിനെ മാറ്റിയത്.