KERALA

രൂപകല്‍പനകൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും വൈറല്‍; സൂപ്പറാണ് ചിറക്കുളത്തെ ഹൈടെക് അങ്കണവാടി

ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയര്‍ കൂടിയായ വാര്‍ഡ് അംഗം അബ്ദുല്‍ മജീദിന്റെ ദീര്‍ഘ വീക്ഷണമാണ് സ്റ്റാര്‍ നിലവാരത്തിലുള്ള അങ്കണവാടി യാഥാര്‍ഥ്യമാകാന്‍ കാരണം.

Author : ന്യൂസ് ഡെസ്ക്

അംഗന്‍വാടികള്‍ ഇപ്പോള്‍ ട്രെന്‍ഡിയാവുകയാണ്. പഴയ ഉപ്പുമാവും കഞ്ഞിയും മാത്രം ലഭിക്കുന്ന ഇടമെന്ന മേല്‍വിലാസം തിരുത്തുകയാണ് മലപ്പുറം ആലങ്കോട് പഞ്ചായത്തിലെ ഒരു അംഗന്‍വാടി. കെട്ടിടത്തിന്റെ രൂപകല്‍പനയിലും അതിലൊരുക്കിയ സൗകര്യങ്ങള്‍ കൊണ്ടും വൈറലാണ് ചിറക്കുളത്തെ അങ്കണവാടി. ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയര്‍ കൂടിയായ വാര്‍ഡ് അംഗം അബ്ദുല്‍ മജീദിന്റെ ദീര്‍ഘ വീക്ഷണമാണ് സ്റ്റാര്‍ നിലവാരത്തിലുള്ള അങ്കണവാടി യാഥാര്‍ഥ്യമാകാന്‍ കാരണം.

ആലങ്കോട് പഞ്ചായത്തിലെ ചിയ്യാനുരിലെ ചിറക്കുളത്തിന് സമീപത്താണ് വളരെ ആധുനിക ഡിസൈനിലുള്ള ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ആരും ഒരു അങ്കണവാടിയാണെന്ന് കരുതില്ല. അകത്ത് പ്രവേശിച്ചാല്‍ ഒട്ടും വിശ്വസിക്കില്ല. അങ്കണവാടിയാണെന്ന് തെളിയിക്കാനുള്ള ഏക മാര്‍ഗം കെട്ടിടത്തിന് മുന്‍പിലുള്ള എല്‍ഇഡി ബോര്‍ഡ് മാത്രമാണ്.

ചിറക്കുളത്തിന് സമീപത്തെ പാര്‍ക്കിന് അടുത്തായാണ് റിസോര്‍ട്ടിന് സമാനമായ കെട്ടിടം ഒരുക്കിയിട്ടുള്ളത്. അകത്ത് കടന്നാല്‍ കാണാനാവുക എയര്‍കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറിയും ഇരിക്കാന്‍ കസേരകള്‍ക്ക് പകരം സോഫയുടെ മാതൃകയിലുള്ള ഇരിപ്പിടങ്ങളുമാണ്.

താഴത്തെ നിലയില്‍ നിന്ന് പടി കയറി മുകളിലെത്തിയാല്‍ കാണാം കുട്ടികള്‍ക്കായി ഒരുക്കി സ്മാര്‍ട്ട് ടിവി അടക്കമുള്ള ആധുനിക പഠന സംവിധാനങ്ങള്‍. പുറത്തിറങ്ങിയാല്‍ കെട്ടിടത്തിന് ചുറ്റും കാണാനാവുക പച്ചപ്പുല്ലിന്റെ മാതൃകയിലുള്ള മാറ്റുകളാണ്. വശങ്ങളിലും പടികളിലും പൂച്ചെടികളും കാണാം.

ഇതെല്ലാം നമ്മള്‍ കണ്ടു. എന്നാല്‍ എങ്ങനെയാണ് ഇങ്ങനെയൊരു അങ്കണവാടി കേരളത്തില്‍ ഒരുങ്ങിയത് എന്ന ചോദ്യം പലരുടെയും മനസ്സില്‍ ഉയരുന്നുണ്ടാകും. ഈ ഹൈടെക് അങ്കണവാടി യാഥാര്‍ഥ്യമാകാന്‍ കാരണം ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയര്‍ കൂടിയായ വാര്‍ഡ് അംഗം അബ്ദുല്‍ മജീദാണ്. കെട്ടിടത്തിന്റെ രൂപകല്‍പനയിലെ വ്യത്യസ്തതയും ഇങ്ങനെയൊരു അങ്കണവാടി തയ്യാറാക്കാനുള്ള കാരണവും അബ്ദുല്‍ മജീദ് നേരിട്ട് വിവരിക്കും.

ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള 25 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള മൂന്ന് ലക്ഷം രൂപയുമായിരുന്നു അങ്കണവാടി നിര്‍മിക്കാനായി ലഭിച്ചത്. പണം അനുവദിച്ചത് അങ്കണവാടിക്ക് വേണ്ടിയായിരുന്നില്ല, എന്നാല്‍ അനുവദിച്ച് കിട്ടിയ പണം വ്യത്യസ്തമായ അങ്കണവാടിക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു.

പതിവ് ഡിസൈനുകളെല്ലാം പാടെ മാറ്റി പുതിയൊരിടമായി ഈ അങ്കണവാടി കെട്ടിടം മാറിക്കഴിഞ്ഞു. പരിമിതികളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുടെ കഥകള്‍ക്കിടെയാണ് ഇങ്ങനെ ആധുനിക സംവിധാനങ്ങളോടെയുള്ള അങ്കണവാടി ഒരുങ്ങിയത്. അങ്കണവാടി യാഥാര്‍ഥ്യമായതിന് പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞു.

SCROLL FOR NEXT