KERALA

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വസ്തുക്കള്‍ തട്ടി നടക്കാനാകാത്ത വീട്; ആന്റണി മാഷിന്റെ പുരാവസ്തു ശേഖരം സൂപ്പറാ...

കാടുകയറി കിടക്കുന്ന ഈ വീടാണോ ഇത്ര വലിയ സംഭവം എന്ന് തോന്നും. വീട്ടില്‍ കയറിയാലോ പൊടിപിടിച്ച പഴയ സാധനങ്ങള്‍ തട്ടിയും തടഞ്ഞും നടക്കാന്‍ പറ്റില്ല.

Author : ന്യൂസ് ഡെസ്ക്

അമൂല്യ പുരാവസ്തുക്കളുടെ വന്‍ ശേഖരമുണ്ട് തൃശ്ശൂര്‍ കണ്ടാണശ്ശേരിയിലെ 'സമ്മര്‍ സ്‌നോ' എന്ന വീട്ടില്‍. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വസ്തുക്കളാണ് ഈ വീട്ടിലധികവും. 84 വയസ്സുകാരനായ ആന്റണി ചിറ്റാട്ടുകര എന്ന അധ്യാപകനാണ് ഈ മ്യൂസിയം വീടിന്റെയും പുരാവസ്തുക്കളുടെയും ഉടമ. ആന്റണി മാഷിന്റെ വീട്ടിലെത്തി തിരികെ മടങ്ങുന്നവരെല്ലാം പറയും സംഗതി സൂപ്പറാണെന്ന്...

കാടുകയറി കിടക്കുന്ന ഈ വീടാണോ ഇത്ര വലിയ സംഭവം എന്ന് തോന്നും. വീട്ടില്‍ കയറിയാലോ പൊടിപിടിച്ച പഴയ സാധനങ്ങള്‍ തട്ടിയും തടഞ്ഞും നടക്കാന്‍ പറ്റില്ല. കരിങ്കല്‍ ശില്‍പ്പങ്ങള്‍, വിഗ്രഹങ്ങള്‍, പുസ്തകങ്ങള്‍, നാണയങ്ങള്‍, അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്തത്രയും പുരാവസ്തുക്കളുണ്ട് ഈ വീട്ടില്‍.

അധ്യാപകനും എഴുത്തുകാരനുമായിരുന്ന തൃശ്ശൂര്‍ കണ്ടാണശ്ശേരി സ്വദേശി ആന്റണി ചിറ്റാട്ടുകരയാണ് ഈ വീടിന്റെയും ഈ സാധനങ്ങളുടെയുമെല്ലാം ഉടമസ്ഥന്‍. പുരാവസ്തുക്കളോട് ഏറെ കമ്പമുള്ള ആന്റണി മാഷ് പത്തൊമ്പതാം വയസു മുതല്‍ ശേഖരിച്ച് തുടങ്ങിയതാണ് ഇവയോരോന്നും. അക്കാലം മുതല്‍ ശേഖരിച്ച വസ്തുക്കളുടെ എണ്ണം കൂടി കൂടി വീട് നിറഞ്ഞു.

ഭാരത് സേവക സമാജിന്റെ ജീവനക്കാരനായിരിക്കുമ്പോള്‍ പത്തൊമ്പതാം വയസ്സില്‍ വാങ്ങിയ ഒരു മണ്ണെണ്ണ ചിമ്മിനി വിളക്കാണ് ആന്റണി ചിറ്റാട്ടുകര ആദ്യം വാങ്ങിയ പുരാവസ്തു. നാലു നൂറ്റാണ്ട് മുന്‍പ് ചൈനയില്‍ നിര്‍മ്മിച്ച ബ്ലൂ ബോട്ടറി ഭരണികള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിലയുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ചങ്ങലപട്ട വിളക്കാണ് മാഷ് ഒടുവില്‍ വാങ്ങിയ പുരാവസ്തു. 12 വര്‍ഷം മുന്‍പായിരുന്നു അത്.

മലയാളത്തില്‍ അച്ചടിച്ച ആദ്യ പുസ്തകങ്ങളില്‍ ഒന്നായ സംക്ഷേപ വേദാര്‍ത്ഥവും ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയുടെ ആദ്യപതിപ്പും പേപ്പര്‍ ഉണ്ടാകും മുന്‍പ് ഹീബ്രു ഭാഷയില്‍ എഴുതപ്പെട്ട ബൈബിളിന്റെ പകര്‍പ്പും മൊക്കെ മാഷിന്റെ കയ്യിലുള്ള അപൂര്‍വ്വം വസ്തുക്കളില്‍ ചിലതുമാത്രമാണ്.

ഗുരുവായ സ്വാതന്ത്ര്യ സമര സേനാനി എന്‍ കെ രാഘവ പൊതുവാളില്‍ നിന്നും ലഭിച്ച മഹാത്മാഗാന്ധിയുടെ രക്തം പുരണ്ട മണ്ണും അദ്ദേഹത്തിന്റെ കത്തുകളും കണ്ണടയും ചര്‍ക്കയും ഒക്കെ ഒരുകാലത്ത് ആന്റണി മാഷിന്റെ കയ്യിലുണ്ടായിരുന്നു. എന്നാല്‍ സ്വന്തമായി ഒരു മ്യൂസിയം തുടങ്ങണമെന്ന ആഗ്രഹത്താല്‍ ഒരു ഇംഗ്ലീഷ് കമ്പനിക്ക് അദ്ദേഹം അത് ലേലം ചെയ്യാനായി നല്‍കി.

പക്ഷേ കമ്പനി സാധനങ്ങള്‍ വിറ്റഴിച്ചെങ്കിലും ആന്റണി മാഷിന് അതില്‍ നിന്നും കാര്യമായ പ്രതിഫലം ഒന്ന് ലഭിച്ചില്ല. അതോടെ അദ്ദേഹം സ്വന്തം മ്യൂസിയം എന്ന സ്വപ്നം അവസാനിപ്പിക്കുകയായിരുന്നു. ആദ്യമെല്ലാം പുരാവസ്തുക്കള്‍ കൊണ്ടുവരുമ്പോള്‍ വീട്ടിലുള്ളവര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് ഒരിക്കല്‍ ആന്റണിയെ കുറിച്ച് ഒരു പത്ര ലേഖനം വന്നതോടെയാണ് അവരെല്ലാം കാര്യം മനസ്സിലാക്കുന്നതും വീട്ടിലുള്ള സാധനങ്ങളുടെ മൂല്യം തിരിച്ചറിയുന്നതും.

84 ആം വയസ്സില്‍ എത്തിനില്‍ക്കുന്ന ആന്റണി മാഷിന് ഇനിയൊരു മ്യൂസിയം സ്ഥാപിക്കുക എന്ന സ്വപ്നം നടക്കില്ലെന്ന് അറിയാം. അതുകൊണ്ടുതന്നെ ഈ വസ്തുക്കള്‍ മൊത്തമായി ഏറ്റെടുക്കാന്‍ തയ്യാറായുള്ളവര്‍ക്ക് വില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പല കുറി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആന്റണി മാഷിനെ വന്നു കണ്ടിരുന്നു. എന്നാല്‍ പ്രതിഫലം നല്‍കി ഈ വസ്തുക്കള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് പണമില്ലെന്നാണ് അവര്‍ അറിയിച്ചത്.

75 വര്‍ഷത്തിനിടയില്‍ ചെറുതും വലുതുമായ സമ്പാദ്യം ഉപയോഗിച്ച് വാങ്ങിയതാണ് ഇതെല്ലാം അത് കൊണ്ട് തന്നെ സൗജന്യമായി ഇതൊക്കെ സര്‍ക്കാരിന് വിട്ടുനല്‍കാന്‍ ആന്റണി മാഷിനും മനസ്സില്ല. പക്ഷേ വര്‍ഷങ്ങളായി വിദേശത്ത് സ്ഥിരതാമസമാക്കിയ മകളും ഇത് ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. അധികം വൈകാതെ തന്നെ പുരാവസ്തുക്കളില്‍ താല്പര്യമുള്ള ആരെങ്കിലും ഇത് വാങ്ങാന്‍ എത്തും എന്ന വലിയ പ്രതീക്ഷയില്‍ തന്നെയാണ് ആന്റണി മാഷ്.

SCROLL FOR NEXT