തൃശൂർ: കൊടുങ്ങല്ലൂരിൽ ദേശീയപാത നിർമാണത്തിനായി പുഴയിൽ നിന്ന് മണൽ ഖനനം നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തം. മണൽ ഖനനം ചെയ്യുന്നത് മൂലം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ദേശീയപാത നിർമാണത്തിനെന്ന പേരിൽ വ്യാപക മണൽ ഖനനമാണ് മാസങ്ങളായി കനോലി കനാലിൽ നടക്കുന്നത്. വൻ ഡ്രെഡ്ജറുകൾ ഉപയോഗിച്ചുള്ള ഖനനം മൂലം പലയിടങ്ങളിലും പുഴയുടെ തീരം ഇടിഞ്ഞ് തുടങ്ങി. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയിലാണ് ഉപജീവനം പ്രതിസന്ധിയിലായ മത്സ്യ തൊഴിലാളികളും രംഗത്തെത്തിയത് .
ശ്രീനാരായണപുരം പഞ്ചായത്തിലെ കോതപറമ്പ്, കൊടുങ്ങല്ലൂർ നഗരസഭയിലെ മഞ്ഞനപ്പള്ളി, പുല്ലൂറ്റ് പാലം, എന്നിവിടങ്ങളിലാണ് കനോലി കനാലിൽ വ്യാപകമായി മണൽ ഖനനം നടക്കുന്നത്. ഇവിടെങ്ങളിലെല്ലാം ഉൾനാടൻ മത്സ്യബന്ധനം നിലച്ചതായും ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാതായതായും തൊഴിലാളികൾ പറയുന്നു.
ഇറിഗേഷൻ വകുപ്പിൻ്റെ മേൽനോട്ടത്തിൽ കോടതിയുടെ അനുമതിയോടെയാണ് നിലവിൽ കനാലിൽ നിന്നും മണലെടുക്കുന്നത്. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കാതെ അശാസ്ത്രീയമായാണ് മണൽ ഖനനമെന്നാണ് നാട്ടുകാരുടെ ആരോപണം.
ഉപജീവനമാർഗം നഷ്ടപ്പെടുത്തുന്ന മണൽഖനനം അവസാനിപ്പിക്കണമെന്നാണ് മത്സ്യ തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം. ഇതേചൊല്ലി പ്രതിഷേധം ശക്തമായതോടെ കരാർ കമ്പനി പ്രതിനിധികൾ തൊഴിലാളികളുമായിചർച്ച നടത്തുകയും താൽക്കാലികമായി മണലെടുപ്പ് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.