പത്തനംതിട്ട: ചിറ്റാറിലെ സന്ദീപിൻേറത് കൊലപാതകമെന്ന് പൊലീസ്. വിവാഹിതയായ യുവതിയുമായുള്ള അടുപ്പമാണ് കൊലയ്ക്ക് കാരണം. സംഭവത്തിൽ യുവതിയുടെ അച്ഛൻ അട്ടത്തോട് സ്വദേശി കൃഷ്ണൻകുട്ടി, സുഹൃത്ത് ഗോപി എന്നിവരെ കേസിൽ പ്രതി ചേർത്തു.
അതിക്രൂരമായ മർദനമാണ് സന്ദീപിനേറ്റതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വാരിയെല്ലുകൾ മർദ്ദനമേറ്റ് ഒടിഞ്ഞ് ആന്തരിക അവയവങ്ങളിലേക്ക് തുളച്ചുകയറിയിരുന്നു. കുഴിയിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് തലയ്ക്കും ഗുരുതര പരിക്കേറ്റു. പോസ്റ്റ്മോർട്ടത്തിലെ ഈ കണ്ടെത്തലാണ് കൊലപാതകം എന്ന് സ്ഥിരീകരിക്കണത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
കൊലപാതകമെന്ന സംശയം തുടക്കം മുതൽ കുടുംബം ഉന്നയിച്ചിരുന്നു. സമീപവാസിയും വിവാഹതിയുമായ യുവതിയുമായി സന്ദീപിന് അടുപ്പമുണ്ടായിരുന്നു. ഇവരെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരാൻ സന്ദീപ് തീരുമാനിച്ചിരുന്നു. അതിന്‍റെ വൈരാഗ്യത്തിൽ യുവതിയുടെ അച്ഛൻ കൃഷ്ണൻകുട്ടിയും സുഹൃത്ത് ഗോപിയും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം കാറിൽ കടന്നുകളഞ്ഞ പ്രതികളെ നാട്ടുകാർ നൽകിയ സൂചന പ്രകാരം രാത്രി തന്നെ പിടികൂടിയിരുന്നു. നായാട്ടു സംഘം കൂടിയായ ഇവരെ വനമേഖലയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
ഇവരുടെ വാഹനത്തിൽ നിന്നും നാടൻ തോക്കും അതിൽ നിറയ്ക്കുന്ന മരുന്നും മറ്റ് ആയുധങ്ങളും കണ്ടെടുത്തിരുന്നു. തോക്ക് ഉൾപ്പെടെ ആയുധങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ആംസ് ആക്ട് ചുമത്തിയാണ് ആദ്യം കേസെടുത്തത്. മരണകാരണം സംബന്ധിച്ച് വ്യക്തത വന്നതോടെ പൊലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. നാടൻ തോക്കിന്റെ പാത്തി ഉപയോഗിച്ച് മർദിച്ചതായി പ്രതികൾ മൊഴി നൽകി. പോസ്റ്റ്‍മോർട്ടത്തിൽ കൊലപാതകം എന്ന് വ്യക്തമായതോടെ അസ്വാഭിക മരണത്തിന് എടുത്ത എഫ്ഐആറിൽ പൊലീസ് മാറ്റം വരുത്തും. ആയുധം കൈവശം വച്ച കേസിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും, കൊലപാതകം ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് പുതിയ കേസെടുക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.