KERALA

എതിര്‍ ശബ്‌ദങ്ങളെ നിശബ്‌ദമാ ക്കാനുള്ള ശ്രമം ആണധികാരത്തിന്റെ പ്രതിഫലനം; ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ സാന്ദ്ര തോമസ്

''ഒരു സ്ത്രീ എന്ന നിലയില്‍ ശക്തമായ നിലപാട് സ്വീകരിച്ച ഉമാ തോമസ് എംഎല്‍എയെ സൈബര്‍ ഇടത്തില്‍ അക്രമിക്കുന്നതിനെ ശക്തമായി പ്രതിഷേധിക്കുന്നു''

Author : ന്യൂസ് ഡെസ്ക്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവെക്കണമെന്ന് പറഞ്ഞതിമ്പിന്നാലെ ഉമാ തോമസ് എംഎല്‍എയ്‌ക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രൊഡ്യൂസറും നടിയുമായ സാന്ദ്ര തോമസ്. കേരള രാഷ്ട്രീയത്തിന്റെ പൊതു മണ്ഡലത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത ലൈംഗികാതിക്രമ പരമ്പരയുടെ വിവരങ്ങള്‍ ഒരു യുവ എംഎല്‍എക്കെതിരെ ഉണ്ടായപ്പോള്‍ അതില്‍ ഒരു സ്ത്രീ എന്ന നിലയില്‍ ശക്തമായ നിലപാട് സ്വീകരിച്ച ഉമാ തോമസ് എംഎല്‍എയെ സൈബര്‍ ഇടത്തില്‍ അക്രമിക്കുന്നതിനെ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഉമ തോമസ് എംഎല്‍എയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും ആ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ളവര്‍ ആരെങ്കിലും പങ്കാളികള്‍ ആയിട്ടുണ്ടെങ്കില്‍ ആ പ്രസ്ഥാനം അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സാന്ദ്ര തോമസ് ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കെതിരെ ഉണ്ടാവുന്ന ആക്രമണങ്ങളെ രാഷ്ട്രീയഭേദമന്യേ എതിര്‍ക്കപ്പെടേണ്ടതാണ്. അങ്ങനെ എതിര്‍ക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നത് ഒരു ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണ്, അതൊരു കാരണവശാലും കേരളം അനുവദിച്ചു കൊടുത്തുകൂടെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഉമാ തോമസിനൊപ്പം എന്ന ഹാഷ്ടടാഗോടുകൂടിയാണ് സാന്ദ്ര തോമസിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളില്‍ നിന്ന് കടുത്ത സൈബര്‍ ആക്രമണം വരുന്നത്. വിവിധ കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അധിക്ഷേപ പരാമര്‍ശവുമുണ്ടായിരുന്നു. ഈ വിഷയത്തില്‍ ഉമ തോമസ് പ്രതികരിക്കുകയും ചെയ്തിരുന്നു.

അതിനെ സൈബര്‍ ആക്രമണം എന്നൊന്നും താന്‍ പറയുന്നില്ലെന്നും തന്നെ പോലെ അഭിപ്രായം പറയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നുമായിരുന്നു ഉമ തോമസിന്റെ അഭിപ്രായം. അതിനെ ഒരു ആക്രമണം എന്നൊന്നും പറയുന്നില്ല. വ്യക്തിഹത്യയായാലും അധിക്ഷേപമായാലും താന്‍ അതൊന്നും വായിക്കാനേ പോയിട്ടില്ല. സ്വന്തം അഭിപ്രായമാണ് പറഞ്ഞതെന്നും ഉമ തോമസ് എംഎല്‍എ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉമാ തോമസ് എംഎല്‍എക്കെതിരെ സൈബര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു. കേരളാ രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത ലൈംഗികാതിക്രമ പരമ്പരയുടെ വിവരങ്ങള്‍ ഒരു യുവ എംഎല്‍എക്കെതിരെ ഉണ്ടായപ്പോള്‍ അതില്‍ ഒരു സ്ത്രീ എന്ന നിലയില്‍ ശക്തമായ നിലപാട് സ്വീകരിച്ച ഉമാ തോമസ് എംഎല്‍എയെ സൈബര്‍ ഇടത്തില്‍ അക്രമിക്കുന്നതിനെ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.

അവരുടെ പ്രസ്ഥാനം സൈബര്‍ ഇടങ്ങളിലെ അക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും , അതില്‍ ആ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ളവര്‍ ആരെങ്കിലും പങ്കാളികള്‍ ആയിട്ടുണ്ടെങ്കില്‍ ആ പ്രസ്ഥാനം അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും വേണം.

സ്ത്രീകള്‍ക്കെതിരെ ഉണ്ടാവുന്ന ആക്രമണങ്ങളെ രാഷ്ട്രീയഭേദമന്യേ എതിര്‍ക്കപ്പെടേണ്ടതാണ്. അങ്ങനെ എതിര്‍ക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നത് ഒരു ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണ്, അതൊരു കാരണവശാലും കേരളം അനുവദിച്ചു കൊടുത്തുകൂടാ.

#ഉമാതോമസിനൊപ്പം

SCROLL FOR NEXT