KERALA

'യുഡിഎഫ് സര്‍ക്കാരിന്റെ സംഘപരിവാര്‍ പ്രീണനം അവസാനിപ്പിക്കാന്‍ ഇടപെടണം'; ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തിലും യുഡിഎഫ് സര്‍ക്കാരിന്റെ സംഘപരിവാർ അനുകൂല നിലപാടിലും പ്രതിഷേധം അറിയിച്ച് പിണറായി വിജയന്‍

Author : ന്യൂസ് ഡെസ്ക്

എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാര്‍ നയങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കാണ് പിണറായി വിജയന്‍ കത്തയച്ചത്. കോണ്‍ഗ്രസ് ദേശീയതലത്തില്‍ വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുകയും കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും അടിച്ചമർത്തലുകളെ എതിർക്കുകയുമാണ്. എന്നാല്‍ കേരളത്തില്‍ ഫാസിസ്റ്റ് ശൈലിയിലാണ് വിദ്യാര്‍ഥികളെ നേരിടുന്നത്. എഐസിസി ആസ്ഥാനത്ത് മുഴുവൻ വന്ദേമാതരവും പാടിയതിൽ സോണിയ ഗാന്ധി പോലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേരളത്തിൽ കോൺഗ്രസ് സർക്കാർ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇക്കാര്യങ്ങളില്‍ നേതൃത്വം ഇടപെടണമെന്നും പിണറായി ആവശ്യപ്പെടുന്നു.

വന്ദേമാതരം പൂർണമായും ആലപിച്ച വിഷയത്തിൽ കേരള സർവകലാശാലയ്ക്ക് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ക്രൂരമായി ലത്തിച്ചാർജ് നടത്തിയതെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. പെൺകുട്ടികളെ ആൺ പൊലീസുകാർ ആക്രമിക്കുമ്പോൾ വനിതാ പൊലീസ് സ്ഥലത്തു പോലും ഉണ്ടായിരുന്നില്ല. ഇത് കടുത്ത നിയമലംഘനമാണ്.

ബഹുസ്വര സമൂഹത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽക്കേ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ആലപിക്കുകയെന്ന സമവായം നിലവിലുണ്ട്. 80 വർഷത്തിലേറെയായി നിലനിൽക്കുന്ന ഈ സമവായം തകർത്ത് മുഴുവൻ വന്ദേമാതരവും നിർബന്ധപൂർവം ആലപിക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ, കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാരും അതേ നിലപാടാണ് സ്വീകരിക്കുന്നത്. എഐസിസി ആസ്ഥാനത്ത് മുഴുവൻ വന്ദേമാതരവും പാടിയതിൽ സോണിയ ഗാന്ധി പോലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേരളത്തിൽ കോൺഗ്രസ് സർക്കാർ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.

സർവകലാശാല നിയമത്തിൽ യുജിസി ചട്ടങ്ങൾക്കനുസൃതമായി ഭേദഗതി വരുത്താമെന്ന് കോടതിയിൽ സമ്മതിച്ചതിലൂടെ സർവകലാശാലകളുടെ മേൽ ഗവർണർക്കുള്ള പൂർണ അധീശത്വം സംസ്ഥാന സർക്കാർ അംഗീകരിച്ചു കൊടുത്തിരിക്കുകയാണ്. സർവകലാശാലകളെ കൈപ്പിടിയിലാക്കാൻ കേന്ദ്ര സർക്കാരും സംഘപരിവാറും നടത്തുന്ന ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാർ കീഴടങ്ങിയതിന്റെ തെളിവാണിത്. ​കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ സംഘപരിവാർ പ്രീണന നയങ്ങളിൽ നിന്നും വിദ്യാർഥികൾക്കു നേരെയുള്ള പൊലീസ് അതിക്രമങ്ങളിൽ നിന്നും പിന്തിരിയാൻ എഐസിസി അധ്യക്ഷൻ അടിയന്തരമായി ഇടപെടണമെന്നും പിണറായി വിജയൻ കത്തില്‍ ആവശ്യപ്പെട്ടു.

SCROLL FOR NEXT