പി. സന്തോഷ് കുമാർ എംപി, ഗവർണർ രാജേന്ദ്ര ആർലേക്കർ Source: P Santhoshkumar/x, Governor/Newsmalayalam
KERALA

ഭാരതാംബ ചിത്ര വിവാദം: ''ഭരണഘടനാ ലംഘനം, ഗവര്‍ണറെ തിരിച്ചുവിളിക്കണം''; രാഷ്ട്രപതിക്ക് കത്തയച്ച് സന്തോഷ് കുമാര്‍ എംപി

രാജ്ഭവനുകള്‍ ആര്‍എസ്എസ് പ്രത്യശാസ്ത്ര കേന്ദ്രങ്ങളായി മാറുകയാണെന്നും പി സന്തോഷ് കുമാർ എം.പി

Author : ന്യൂസ് ഡെസ്ക്

ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഐ. ഭരണഘടനാ ലംഘനം നടത്തിയ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി സന്തോഷ് കുമാര്‍ രാഷ്ട്രപതിക്ക് കത്തയച്ചു.

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദത്തില്‍ ആദ്യ നിലപാട് മാറ്റുകയാണ് സിപിഐ. സംഘപരിവാര്‍ രാഷ്ട്രീയം ഒളിച്ചു കടത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ തുറന്ന് എതിര്‍ക്കാനാണ് തീരുമാനം. നാളെ ബ്രാഞ്ച് തലത്തില്‍ ദേശീയ പതാക ഉയര്‍ത്തിയും വൃക്ഷ തൈകള്‍ നട്ടും ക്യാമ്പയിന് തുടക്കമിടും. ഇതിനിടെയാണ് ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാംഗം സന്തോഷ് കുമാര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചത്.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ച് അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും അതിനെ സിപിഐ ശക്തമായി അപലപിക്കുന്നുവെന്നു സന്തോഷ് കുമാര്‍ എംപി കത്തില്‍ പറഞ്ഞു. ഗവര്‍ണര്‍മാരുടെ ഈ നിലപാട് ഒറ്റപ്പെട്ടതല്ലെന്നും തമിഴ്‌നാട്ടിലും സമാനമായ സാഹചര്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്ഭവനുകള്‍ ആര്‍എസ്എസ് പ്രത്യശാസ്ത്ര കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഭരണഘടനാ മാനദണ്ഡങ്ങള്‍ ലംഘിക്കുയും ഫെഡറല്‍ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തിയതിനാല്‍ കേരള ഗവര്‍ണറെ ഉടന്‍ തിരിച്ചുവിളിക്കണമെന്നാണ് സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടത്. ഇന്ന് മാധ്യമങ്ങളെ കണ്ട ബിനോയ് വിശ്വവും ഗവര്‍ണര്‍ പദവി തന്നെ ഇന്ത്യക്ക് ആവശ്യമില്ലെന്ന് ആഞ്ഞടിക്കുകയും ചെയ്തു.

വിവാദത്തില്‍ മുഖ്യമന്ത്രി പരസ്യമായി പ്രതികരിക്കാത്തതും ഗവര്‍ണറോട് മൃദു സമീപനമെന്ന പ്രതിപക്ഷ ആക്ഷേപങ്ങളും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പമുള്ള ഡല്‍ഹി യാത്രയും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന ഗവര്‍ണറുടെ നടപടിയും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഗവര്‍ണറെന്ന ഭരണഘടനാ പദവിയെ അംഗീകരിക്കുമ്പേഴും വ്യക്തിപരമായ രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നുണ്ടെന്നാണ് സിപിഐഎം നിലപാട്.

ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയെ രാജ്ഭവനില്‍ എത്തിച്ച നിലപാടിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതും സിപിഐഎം ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ പുതിയ വിവാദങ്ങളില്‍ സര്‍ക്കാരുമായി പോരിനില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. രാജ്ഭവനില്‍ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റില്ല. അക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. അതിനപ്പുറം വിവാദങ്ങള്‍ക്കില്ലെന്നാണ് രാജ്ഭവന്റെ വിശദീകരണം.

SCROLL FOR NEXT