കൊച്ചി: സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ പിണറായി വിജയൻ്റെ മകൾ വീണ. ടിയെ വെട്ടിലാക്കി ശശിധരൻ കർത്തയുടെ മൊഴി. വീണ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് കർത്ത ഇഡിയ്ക്ക് മൊഴി നൽകി.
കരാര്‍ നൽകിയത് പിണറായിയുമായുളള അടുപ്പം കാരണം. വീണ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ല. 2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത്. എക്സാലോജിക് നിലനിന്നത് കർത്തയുടെ പണത്തിലാണെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടെത്തി.
സേവനം നൽകിയിട്ടില്ലെന്ന് വീണയും സമ്മതിച്ചതായാണ് വിവരം. മുൻപ് ചോദ്യം ചെയ്തപ്പോൾ താൻ നേരിട്ട് ഗൈഡൻസ് നൽകുകയായിരുന്നുവെന്ന് വീണ പറഞ്ഞിരുന്നെങ്കിലും ഇതിന് തെളിവായി ഇ-മെയിലുകളോ മറ്റു രേഖകളോ അവർക്ക് ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല.
വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്ന നിലയിലായിരുന്നു പണമിടപാട്. കൂടാതെ ശശിധരൻ കർത്തയുടെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു പണമിടപാട് സ്ഥാപനത്തിൽ നിന്ന് 50 ലക്ഷം രൂപയുടെ ലോണും നൽകിയിരുന്നെന്നും മൊഴിയിൽ പറയുന്നു.
പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് സിഎംആർഎൽ-എക്സാലോജിക് കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിൻ്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.