തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം തലസ്ഥാനത്ത് ആരംഭിച്ചു. കേരളത്തോട് കേന്ദ്രസർക്കാരിന് കൊടും ശത്രുതയാണെന്ന് മുഖ്യമന്ത്രി. നാടിന് അർഹതപ്പെട്ടത് നിഷേധിക്കരുതെന്നതാണ് കേരളം ആവശ്യപ്പെടുന്നത്. അനർഹമായ ഒന്നും കേരളം ആവശ്യപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാപരമായി അർഹതപ്പെട്ടത് നിഷേധിക്കരുത്. കടുത്ത തിക്തമായ അനുഭവമാണ് മുന്നിലുള്ളത്. നാട് മുന്നോട്ട് പോകാതിരിക്കാൻ ബോധപൂർവം കേന്ദ്രം തടസമുണ്ടാക്കുന്നു. ചിലർ കേരളത്തിനുവേണ്ടി ശബ്ദമുയർത്താൻ തയ്യാറല്ല. കേന്ദ്രം പക പോക്കുമ്പോഴും കേരളത്തിലെ ബിജെപി അതിൻ്റെ കൂടെ നിൽക്കുകയാണ്. കേന്ദ്രത്തിനെതിരെ ശബ്ദമുയർത്താൻ യുഡിഎഫ് തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന സത്യഗ്രഹ സമരത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. വൈകിട്ട് അഞ്ച് മണി വരെ സമരം നീണ്ടു നിൽക്കും.
എൽഡിഎഫ് ഭരണ കാലത്ത് നാട് മുന്നോട്ട് പോകാൻ പാടില്ലെന്ന ഹീനബുദ്ധിയാണ് യുഡിഎഫിന്. പകപോക്കൽ തുടരുന്ന കേന്ദ്രത്തിന് പിന്തുണയും കേരളത്തിലെ സർക്കാരിന് കുറ്റപ്പെടുത്തലുമാണ് പാർലമെൻ്റിൽ യുഡിഎഫ് എംപിമാർ നടത്തിയത്. ഇത് അതിജീവനത്തിൻ്റെ പോരാട്ടമാണ്. അർഹതപ്പെട്ടത് കേന്ദ്രം തട്ടിപ്പറിച്ചെടുക്കുന്നു. അധികാരം അമിതാധികാരമാണെന്ന് ധരിക്കുന്ന ഭരണാധികാരികളാണ് കേന്ദ്രത്തിൽ. അസാധാരണ സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ലക്ഷ്യമിട്ട് പത്ത് വർഷം കേന്ദ്ര ഏജൻസികൾ ആറാട്ട് നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേന്ദ്രം നടത്തുന്നത് പിടിച്ചുപറിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തെ എങ്ങനെ സാമ്പത്തികമായി ഞെരുക്കാം എന്നാണ് കേന്ദ്രം നോക്കുന്നത്. സർക്കാരിനെയോ എൽഡിഎഫിനെയോ മാത്രം ലക്ഷ്യം വച്ചല്ല കേന്ദ്ര നടപടി. കേരളത്തെയാണ് ഞെരുക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് കേന്ദ്ര നടപടി. ഏതെല്ലാം വഴിയിലൂടെ നാടിനെ തകർക്കാമെന്നാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ നടത്തിയ സമരത്തിൻ്റെ തുടർച്ചയാണ് തിരുവനന്തപുരത്തും നടക്കുന്നത്. ഘടകകക്ഷികളുടെയും മുന്നണിയുമായി സഹകരിക്കുന്ന പാർട്ടികളുടെയും, വർഗ ബഹുജന സംഘടനകളുടെയും പിന്തുണ സത്യാഗ്രഹത്തിനുണ്ട്.