KERALA

സതീശന് വേണ്ടി മുസ്ലീം ലീഗ് പ്രത്യേക ഇടപെടൽ നടത്തിയിട്ടില്ല, മുഖ്യമന്ത്രി സ്ഥാനം പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരം: മുനവ്വറലി തങ്ങൾ

പ്രതിപക്ഷ നേതാവായി എല്ലാ അർഥത്തിലും അ​​ദ്ദേഹത്തിന് പേരാടൻ സാധിച്ചിട്ടുണ്ടെന്നും തങ്ങൾ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കോൺ​ഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ വി.ഡി. സതീശന് വേണ്ടി മുസ്ലീം ലീഗ് പ്രത്യേക ഇടപെടൽ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ലീ​ഗ് ഒരാളുടെ പേരും നിർദേശിച്ചിട്ടില്ല. ​ഇത് കോൺ​ഗ്രസ് ഹൈക്കമാൻഡ് എടുത്ത തീരുമാനമാണ്. വി.ഡി. സതീശന്റെ പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരം കൂടിയായി ആയാണ് ഇതിനെ കാണുന്നതെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ന്യൂസ് മലയാളം ലീഡേർസ് മോണിങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവായി എല്ലാ അർഥത്തിലും അ​​ദ്ദേഹത്തിന് പേരാടൻ സാധിച്ചിട്ടുണ്ട്. എൽഡിഎഫിനെതിരായുള്ള ക്യാംപയിൻ മുന്നിൽ നിന്നും നടത്തിയത് വി.ഡി. സതീശനാണ്. അദ്ദേഹത്തിന്റെ കഴിവും മികവും അത് തിരിച്ചറിഞ്ഞാണ് കോൺ​ഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തത്. അത് അം​ഗികരിക്കുക മാത്രമാണ് ഞങ്ങൾ ചെയ്തത്. സതീശന് വേണ്ടി ലീഗ് ഒരുതരത്തിലുള്ള ഫേവറും ചെയ്തിട്ടില്ല‌. ഞങ്ങൾ മിണ്ടാതിരുന്നാൽ പോലും അതിനെ മറ്റൊരു തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. അത് ഒരിക്കലും അം​ഗീകരിക്കാൻ കഴിയില്ല. മുനവ്വറലി ശിഹാബ് തങ്ങളുടെ വാക്കുകൾ.

ലീ​ഗിന് എത്ര മന്ത്രിമാർ‌ എന്നതല്ല പ്രധാനമെന്നും നല്ല ഭരണം കാഴ്ചവയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മന്ത്രിമാരുടെ എണ്ണത്തിൽ ലീഗ് കടുംപിടത്തത്തിനില്ല. അർഹതയുണ്ടെങ്കിലും ലീഗ് വിലപേശലിനില്ല. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വർഗീയ പ്രചാരണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെയാണ് ലീഗ് പ്രവർത്തിക്കുന്നത്. ദുഷ്പ്രചരണങ്ങൾ കൊണ്ട് അതിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിൽ ആശംസകൾ അറിയിക്കുന്നതായും ആരോഗ്യപരമായ പ്രതിപക്ഷമാകാൻ എൽഡിഎഫിന് കഴിയട്ടെയെന്നും മുനവ്വറലി തങ്ങൾ ന്യൂസ് മലയാളത്തോട് പറ‍‍ഞ്ഞു.

SCROLL FOR NEXT