ആലുവയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെറുതെ വിട്ടതില്‍ പ്രതിഷേധം. കിഴക്കേ കടുങ്ങല്ലൂരില്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെയാണ് ബിനാനിപുരം പൊലീസ് വിട്ടയച്ചത്. പൊലീസ് നടപടിക്കെതിരെ പഞ്ചായത്ത് അംഗം ശ്രീകുമാര്‍ മുല്ലേപ്പിള്ളി മുഖ്യമന്ത്രി, ഡിജിപി, റൂറല്‍ എസ്‌പി എന്നിവര്‍ക്കു പരാതി നല്‍കി.
ചൊവാഴ്ച വൈകിട്ടായിരുന്നു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. സ്കൂള്‍ ബസില്‍ വന്നിറങ്ങിയ കുട്ടിയെ വഴിയരികില്‍ കാത്തുനിന്ന യു.സി. കോളേജ് സ്വദേശിയായ യുവാവ് ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കുതറി ഓടിയ കുട്ടി സമീപത്തെ തുണിക്കടയില്‍ അഭയം തേടി. പിന്നാലെ എത്തിയ യുവാവ്, കുട്ടിയുടെ അമ്മാവനാണെന്ന് അവകാശപ്പെട്ട് കടയില്‍നിന്ന് കുട്ടിയെ കൊണ്ടുപോകാന്‍ ശ്രമം തുടര്‍ന്നു. വന്നയാള്‍ തന്റെ ആരുമല്ലെന്ന് കുട്ടി പറഞ്ഞതോടെ കടയുടമയും ജീവനക്കാരും ചേര്‍ന്ന് യുവാവിനെ തടഞ്ഞുവച്ചു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബിനാനിപുരം പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ മാതാപിതാക്കളെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. കേസെടുത്താല്‍ ഭാവിയിലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞ് പൊലീസ് ഇവരെ ഭയപ്പെടുത്തിയെന്നാണ് ആരോപണം. അതോടെ, പരാതി നല്‍കുന്നതില്‍നിന്നും മാതാപിതാക്കള്‍ പിന്മാറുകയായിരുന്നു എന്നുമാണ് വിവരം.