വി.എസ് അച്യുതാനന്ദന്‍ 
KERALA

വിഎസ് പഠിച്ച സ്കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണം; വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കി ജി. സുധാകരന്‍

ആലപ്പുഴ പറവൂര്‍ ഗവ. ഹൈസ്കൂളിനും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനും വിഎസിന്റെ പേര് നല്‍കണമെന്നാണ് ആവശ്യം.

Author : ന്യൂസ് ഡെസ്ക്

അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ പഠിച്ച ആലപ്പുഴ പറവൂര്‍ ഗവ. സ്കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന് ജി. സുധാകരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് സുധാകരന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിക്ക് കത്ത് നല്‍കി. ഹൈസ്കൂള്‍ വിഭാഗത്തിനും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനും വിഎസിന്റെ പേര് നല്‍കണമെന്നാണ് ആവശ്യം.

"വിഎസ് പഠിച്ച പറവൂര്‍ ഗവ. സ്കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് ഉചിതമായിരിക്കും എന്ന് കരുതുന്നു. ഗവണ്‍മെന്റിന് ജനങ്ങളുടെ ഇടയില്‍ മതിപ്പുളവാക്കുന്ന ഒരു നടപടി ആയിരിക്കുമത്. അദ്ദേഹത്തിന്റെ ഭവനത്തിന് തൊട്ടടുത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍ വിഭാഗവും, ഹയര്‍ സെക്കന്‍ഡറി വിഭാഗവും, റോഡിന് തെക്കും വടക്കുമായിട്ടാണ്. രണ്ടിനും വിഎസിന്റെ പേര് നല്‍കുന്നത് നന്നായിരിക്കും - എന്നാണ് സുധാകരന്റെ കത്ത്.

ജി. സുധാകരന്‍ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ കത്ത്

നാലര വയസില്‍ അമ്മയെയും പതിനൊന്നാം വയസില്‍ അച്ഛനെയും നഷ്ടപ്പെട്ട വിഎസ് ഏഴാം ക്ലാസ് വരെയാണ് പഠിച്ചിട്ടുള്ളത്. കടുത്ത ദാരിദ്ര്യത്തിലായിരുന്നു വിഎസിന്റെ കുട്ടിക്കാലം. സ്കൂള്‍ പഠനം അവസാനിപ്പിച്ചശേഷം, ചേട്ടന്റെ ജൗളിക്കടയില്‍ സഹായിയായി. പിന്നീടാണ് ആസ്‍പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ എത്തുന്നതും തൊഴിലാളി നേതാവായി പൊതുപ്രവര്‍ത്തന രംഗത്ത് ശ്രദ്ധയൂന്നുന്നതും. നൂറ്റാണ്ട് പിന്നിട്ട ജീവിതത്തില്‍ തൊഴിലാളി നേതാവ്, സിപിഐഎം സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച വിഎസ് കേരളത്തിലെ ഏറ്റവും ജനകീയ നേതാക്കളില്‍ പ്രഥമസ്ഥാനീയനാണ്. ജൂലൈ 21നായിരുന്നു അന്ത്യം.

SCROLL FOR NEXT