പാലക്കാട്: ചിറ്റൂരിൽ നിന്ന് കാണാതായ ആറ് വയസ്സുകാരനായുള്ള തെരച്ചിൽ ഇന്നും തുടരും. ചിറ്റൂർ കറുകമണി, എരുമങ്കോട് നിന്നാണ് സുഹാനെന്ന ആറ് വയസുകാരനെ കാണാതായത്. ഇന്നലെ രാവിലെ 11 മണിക്കു ശേഷമാണ് അമ്പാട്ടു പാളയം സ്വദേശി മുഹമ്മദ് അനസ് - തൗഹിത ദമ്പതികളുടെ മകൻ സുഹാനെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് സംഭവം.
ചിറ്റൂർ പൊലീസിൻ്റെ നേതൃത്വത്തിൽ കുട്ടിക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്. ശനിയാഴ്ച രാത്രി 10 മണിവരെ പൊലീസും തെരച്ചിൽ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിട്ടില്ല. പ്രദേശത്തെ കുളങ്ങളിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
സഹോദരനുമായുണ്ടായ തർക്കത്തെ തുടർന്നാണ് സുഹാൻ വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്നാണ് സംശയം. അമ്പാട്ടുപാളയം, കറുകമണി, ചിറ്റൂർ മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. എന്നാൽ വീടിന് സമീപം സിസിടിവി ഇല്ലാത്തതും പ്രതിസന്ധിയാണ്.