വിഴിഞ്ഞത്ത് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കുന്നു News Malayalam
KERALA

വിഴിഞ്ഞത്ത് ആശ്വാസം; കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി

ഇന്നലെ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്

Author : ന്യൂസ് ഡെസ്ക്

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയി കടലിൽ കുടുങ്ങിയ രണ്ടാമത്തെ വള്ളവും കണ്ടെത്തി. കന്യാകുമാരി ഭാഗത്താണ് രണ്ടാമത്തെ വള്ളം കണ്ടെത്തിയത്. വള്ളത്തിലുണ്ടായിരുന്ന നാല് പേരും സുരക്ഷിതരാണ്. ഇന്നലെ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.

വ്യാഴാഴ്ച വൈകീട്ട് രണ്ട് വള്ളങ്ങളിലായി മത്സ്യബന്ധനത്തിന് പോയ ഒൻപത് തൊഴിലാളികളെയാണ് കാണാതായത്. ഇന്നലെ രാവിലെ ഇവർ മടങ്ങി എത്തേണ്ടതായിരുന്നു. സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനാൽ വിഴിഞ്ഞത്തെ ഫിഷറീസ് ഓഫീസിൽ ബന്ധുക്കൾ വിവരമറിയിക്കുകയായിരുന്നു.

വിഴിഞ്ഞം സ്വദേശി റോബിന്റെ ഉടമസ്ഥതയിലുള്ള വള്ളങ്ങളിലായി പോയ റോബിൻസൺ, ഡേവിഡ്സൺ, ദാസൻ, യേശുദാസൻ എന്നിവരും ലാസറിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ പോയ ജോസഫ്, ജോണി, മത്യാസ്, മുത്തപ്പൻ എന്നിവരെയുമായായിരുന്നു കാണാതായത്.

അതേസമയം ജീവിതാവസ്ഥ കൊണ്ടാണ് ജാഗ്രത നിർദേശം നൽകിയിട്ടും തൊഴിലാളികൾ കടലിൽ പോയതെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അതൊന്നും ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ്.

SCROLL FOR NEXT