KERALA

"രണ്ടാം ഭൂസമരം തുടങ്ങും"; ജയിൽ മോചിതനായതിന് പിന്നാലെ എം. ഗീതാനന്ദൻ

കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച അഞ്ചു വർഷ തടവ് ശിക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് മരവിപ്പിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

മുത്തങ്ങ സംഘർഷത്തിനിടെ പൊലീസുകാരനായ അബ്ദുൾ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട എം. ഗീതാനന്ദൻ ഉൾപ്പെടെ നാലു പേർ ജയിൽ മോചിതരായി. ഹൈക്കോടതി ജാമ്യം നൽകിയതിനെ തുടർന്നാണ് നാല് പേരും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച അഞ്ച് വർഷ തടവ് ശിക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് മരവിപ്പിച്ചിരുന്നു.

കേസിലെ വിചാരണ ഏകപക്ഷീയമാണെന്നും മുത്തങ്ങയിൽ കൊല്ലപ്പെട്ട ജോഗിക്ക് നീതി കിട്ടിയിട്ടില്ലെന്നും എം. ഗീതാനന്ദൻ പറഞ്ഞു. രണ്ടാം ഭൂസമരത്തിന് തുടക്കം കുറിക്കുമെന്നും മുത്തങ്ങയിലെ ഭൂരഹിതർക്ക് ഭൂമി കിട്ടും വരെ സമരം തുടരുമെന്നും ജയിൽ മോചിതനായ ഗീതാനന്ദൻ പ്രതികരിച്ചു.

സമരത്തിനിടെ അബ്ദുൾ സലാമെന്ന ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദൻ ഉൾപ്പെടെ നാലുപേർ പ്രതികളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ കേസിൽ ഗീതാനന്ദനെതിരെ ഗൂഢാലോചന കുറ്റം തെളിഞ്ഞു. കേസിലെ നാലു പ്രതികൾക്കും കോടതി അഞ്ച് വർഷത്തെ കഠിന തടവ് വിധിച്ചിട്ടുണ്ട്. സാമുഹിക സാഹചര്യം പരിഗണിച്ച് ശിക്ഷ ഒഴിവാക്കണമെന്ന് ഗീതാനന്ദൻ ഉൾപ്പെടെ പ്രതികൾ അഭ്യർഥിച്ചെങ്കിലും ആവശ്യം കോടതി തള്ളി.

SCROLL FOR NEXT