സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സിപിഐ നേതാവ് ബിജിമോൾക്ക് പാർട്ടി വിലക്ക്. ഏലപ്പാറ മണ്ഡലം സമ്മേളനത്തിലെ വിഭാഗീയതയെ തുടർന്നാണ് നടപടി. ഇടുക്കിക്ക് പുറത്തുള്ള സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ട എന്നാണ് സിപിഐ നിർദ്ദേശം.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദ സന്ദേശം സിപിഐയെ പ്രതിസന്ധിയിൽ ആക്കുന്നതിനിടയാണ് മുതിർന്ന നേതാവ് ഇ.എസ്. ബിജി മോൾക്കെതിരായ നടപടി. സംസ്ഥാന കൗൺസിലിലെ ക്ഷണിതാവായ ബിജിമോൾ ഏലപ്പാറ മണ്ഡലം സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ജില്ലാ എക്സിക്യൂട്ടീവ് നിർദ്ദേശിച്ച സെക്രട്ടറിയുടെ പേര് അംഗീകരിക്കാത്ത ഒരു വിഭാഗം സമ്മേളനത്തിൽ മറ്റൊരു പേരാണ് മുന്നോട്ടുവച്ചത്. സമ്മേളനത്തിൽ രണ്ട് ചേരികളായി നിന്നിട്ടും വിഷയത്തിൽ ഇടപെടേണ്ടിയിരുന്ന ബിജിമോൾ ഉത്തരവാദിത്തം കാണിച്ചില്ലെന്നാണ് എക്സിക്യൂട്ടീവിന്റെ വിലയിരുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇടുക്കിക്ക് പുറത്തുള്ള സമ്മേളനങ്ങളിൽ ബിജിമോൾ പങ്കെടുക്കേണ്ടതില്ലെന്ന എക്സിക്യൂട്ടീവിന്റെ നിർദ്ദേശം. വിലക്കിനെ കുറിച്ച് അറിയില്ലെന്ന് മുതിർന്ന നേതാവ് സി. ദിവാകരൻ പറഞ്ഞു.
കാനം പക്ഷത്തായിരുന്ന ബിജി മോൾ ബിനോയ് വിശ്വം സെക്രട്ടറിയായതു മുതൽ തഴയപ്പെടുകയാണെന്ന വിമർശനം ഉയർന്നിരുന്നു. അതിനൊടുവിലത്തേതാണ് സമ്മേളന വിലക്ക്.