KERALA

മുതിർന്ന സിപിഐഎം നേതാവ് കെ.പി. സഹദേവൻ അന്തരിച്ചു

അസുഖബാധിതനായി കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: മുതിർന്ന സിപിഐഎം നേതാവും, സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ കെ.പി. സഹദേവൻ അന്തരിച്ചു. അസുഖബാധിതനായി കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിതെറുപ്പുകാരനായി ജീവിതമാരംഭിച്ച കെ.പി. സഹദേവൻ ടുബാക്കോ വർക്കേഴ്സ് യൂണിയൻ കണ്ണോത്തുംചാൽ ഡിവിഷൻ സെക്രട്ടറിയായാണ് പൊതുപ്രവർത്തനം തുടങ്ങുന്നത്‌. തുടർന്ന്‌ എണ്ണമറ്റ യൂണിയനുകൾക്ക് രൂപംകൊടുക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗം, ബീഡി ആന്റ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു.

1955‐56ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1964ൽ സിപിഐഎം രൂപം കൊണ്ടതുമുതൽ 78 വരെ കണ്ണൂർ മുനിസിപ്പൽ ലോക്കൽ സെക്രട്ടറി. 78ൽ ജില്ലാ കമ്മിറ്റി അംഗം. 86 മുതൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം. 2005ൽ സംസ്ഥാന കമ്മിറ്റി അംഗമായി. 2022ൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന്‌ ഒഴിഞ്ഞു. 2006ൽ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട്.

SCROLL FOR NEXT