പ്ലസ്‌വൺ വിദ്യാർഥിയുടെ മെഡിക്കൽ രേഖകൾ, കോഴിക്കോട് മെഡിക്കല്‍ കോളേജ് Source: News Malayalam 24x7
KERALA

കോഴിക്കോട് പ്ലസ്‌വൺ വിദ്യാർഥിയെ മർദിച്ച സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ

നാല് പ്ലസ് ടു വിദ്യാർഥികളെയാണ് സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് അരിക്കുളം കെപിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌വൺ വിദ്യാർഥിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. നാല് പ്ലസ് ടു വിദ്യാർഥികളെയാണ് സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തത്. കുട്ടിയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്ലസ് വൺ പ്രവേശനം നേടി, ക്ലാസ്സ്‌ തുടങ്ങി മൂന്നാമത്തെ ദിവസമാണ് വിദ്യാർഥിയെ സീനിയർ വിദ്യാർത്ഥികൾ ആക്രമിക്കുന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ സ്കൂളിന് പുറത്തെ ബസ് സ്റ്റോപ്പിൽ വെച്ചാണ് വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ മിഠായി കഴിക്കാത്തതിനെ തുടര്‍ന്നാണ് മര്‍ദിച്ചതെന്നാണ് കുട്ടിയുടെ ബന്ധു പറയുന്നത്.

അധ്യാപകർക്കെതിരെയും കുട്ടികളുടെ ബന്ധുക്കൾ ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരുന്നു. അധ്യാപകർ കുട്ടിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചില്ലെന്നും സ്കൂളിൽ ആന്റി റാഗിങ് സെൽ പ്രവർത്തിക്കുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. രണ്ടുദിവസമായി നടക്കുന്ന സംഭവത്തെക്കുറിച്ച് അധ്യാപകർ പൊലീസിലോ മാതാപിതാക്കളയോ അറിയിച്ചില്ല. അടുത്ത വീട്ടിലെ കുട്ടി പറഞ്ഞാണ് സംഭവത്തെക്കുറിച്ച് മാതാപിതാക്കൾ അറിയുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു.

മർദനത്തിൽ നെഞ്ചിനും കഴുത്തിനും മുഖത്തും തലയ്ക്കും പരിക്കേറ്റ വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. ബന്ധുക്കളുടെ പരാതിയിൽ കൊയിലാണ്ടി പൊലീസാണ് അന്വേഷണം നടത്തുന്നത്.

SCROLL FOR NEXT