കൊച്ചി: കുസാറ്റ് മുൻ വിസി ഡോ. പി.ജി. ശങ്കരനെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് പരാതി. 2010ലെ യുജിസി ശമ്പള പരിഷ്കരണത്തിന് മുൻപ് അനധികൃതമായി പണം കൈപ്പറ്റിയതായി കണ്ടെത്തി. തട്ടിപ്പ് സ്ഥിരീകരിക്കുന്ന വിവരാവകാശ രേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു. പുതിയ യുജിസി ആക്ട് വരുന്നതിനും മാസങ്ങൾക്ക് മുമ്പ് തന്നെ ഡോ. പി.ജി. ശങ്കരൻ ഇല്ലാത്ത തസ്തികയിൽ അനധികൃതമായി പണം കൈപ്പറ്റി എന്ന് തെളിയിക്കുന്ന രേഖകളാണ് ന്യൂസ് മലയാളം പുറത്തുവിടുന്നത്.
2010ലാണ് യുജിസിയുടെ പുതിയ റെഗുലേഷൻ ആക്ട് വരുന്നത്. സെപ്തംബർ 18ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഡിസംബർ 10നാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. ഒക്ടോബർ 22ന് കുസാറ്റിലും നടപ്പാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇത് പ്രകാരം കുസാറ്റിലെ റീഡർ തസ്തികകൾ എല്ലാം അസോസിയേറ്റ് പ്രൊഫസർ തസ്തികകളായി മാറി. ശമ്പളവും വർധിച്ചു. എന്നാൽ ഒൻപത് മാസം മുൻപു തന്നെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പി.ജി. ശങ്കരൻ അനധികൃതമായി പണം കൈപ്പറ്റി എന്നാണ് ആർടിഐ രേഖകൾ വ്യക്തമാക്കുന്നത്.
കുസാറ്റിൽ റീഡർ തസ്തികയിൽ ആണ് മുൻ വിസി കൂടിയായ പി.ജി. ശങ്കരൻ നിയമിതനാകുന്നത്. പുതിയ യുജിസി റെഗുലേഷൻ ആക്ട് വരുന്നതുവരെ റീഡർ തസ്തികയിലേക്കുള്ള ശമ്പള സ്കെയിൽ 12,000 രൂപയ്ക്കും 18, 300 രൂപയ്ക്കും ഇടയിലായിരുന്നു. 2010 മാർച്ച് വരെ ഈ സാലറി സ്കെയിലിൽ ഉള്ള ശമ്പളമാണ് പിജി ശങ്കരൻ വാങ്ങിയിരുന്നതെന്നതും രേഖകളിൽ നിന്ന് വ്യക്തം.
റീഡർ തസ്തികയിൽ മൂന്നുവർഷം പൂർത്തിയായവർക്ക് മാത്രമാണ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കു. നൽകിയ അപേക്ഷ പരിഗണിച്ച് സ്ഥാനക്കയറ്റം നൽകി സർവകലാശാല ഉത്തരവിറക്കണം. അതിന് ശേഷം യൂണിവേഴ്സിറ്റി ധനവകുപ്പ് ശമ്പള സ്കെയിൽ നിശ്ചയിക്കുകയും വേണം.
ഇതൊന്നും പാലിക്കാതെയാണ് അസോസിയേറ്റ് പ്രൊഫസറുടെ തസ്തികയിലേക്കുള്ള ശമ്പളം പി.ജി. ശങ്കരൻ അനധികൃതമായി കൈപറ്റിയത്. കൂടാതെ അന്നത്തെ സാലറി റിവിഷൻ മോണിറ്ററിങ് കമ്മിറ്റി അംഗവുമായിരുന്നു പി.ജി. ശങ്കരൻ. നിലവിൽ കുസാറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻ്റ് എമിററ്റ്സ് പ്രൊഫസർ കൂടിയാണ് പി.ജി. ശങ്കരൻ.