KERALA

"ശിക്ഷാവിധി മരവിപ്പിക്കില്ല"; തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് സുപ്രീം കോടതിയിലും തിരിച്ചടി

ശിക്ഷാവിധി നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ കോടതി തള്ളി

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ശിക്ഷാവിധി നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ കോടതി തള്ളി.

തൊണ്ടിമുതല്‍ കേസിലെ വിധി മരവിപ്പിക്കണമെന്ന് ആന്റണി രാജു നേരത്തെ തന്നെ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മൂന്ന് വര്‍ഷമാണ് ആന്റണി രാജുവിനെ തടവിന് ശിക്ഷിച്ചിരുന്നത്. ഈ നടപടി വിചാരണ കോടതി തന്നെ റദ്ദാക്കിയിരുന്നു. എന്നാല്‍ തൊണ്ടി മുതല്‍ കേസില്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം ഹൈക്കോടതിയും വിചാരണ കോടതിയും തള്ളുകയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.

തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചുവെന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതി ശരിവച്ചിരുന്നു. ഈ കണ്ടെത്തല്‍ സുപ്രീം കോടതിയും ശരിവച്ചിരിക്കുകയാണ്.

മയക്കുമരുന്ന് കേസില്‍ പ്രതിയായ ഒസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയിലെ ക്ലാര്‍ക്കിനെ സ്വാധീനിച്ച് തൊണ്ടി മുതല്‍ മോഷ്ടിക്കുകയും അളവില്‍ വ്യത്യാസം വരുത്തുകയും ചെയ്തുവെന്നാണ് കേസ്. 1994 ഒക്ടോബര്‍ അഞ്ചിനാണ് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെ മൂന്നാം പ്രതിയാക്കി ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം.

മജിസ്ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. കുറ്റപത്രം നല്‍കി 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വര്‍ഷത്തിന് മുകളില്‍ ശിക്ഷിക്കപ്പെട്ടതോടെ നിയമസഭയില്‍ നിന്നും ആന്റണി രാജു അയോഗ്യനായി. 32 വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്. ഗൂഢാലോചനയ്ക്ക് ആറ് മാസം, തെളിവുനശിപ്പിക്കലിന് മൂന്ന് വര്‍ഷം, കള്ള തെളിവുണ്ടാക്കലിന് മൂന്ന് വര്‍ഷം, വ്യാജരേഖ ചമയ്ക്കലിന് രണ്ട് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.

ഐപിസി 34 -പൊതുവായ ഉദേശ്യത്തോടെയുള്ള ഒത്തു ചേര്‍ന്നുള്ള കുറ്റകൃത്യം, 409 -സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസവഞ്ചന, 120 (ഡി) ഗൂഢാലോചന, 420- വഞ്ചന, 201- തെളിവുനശിപ്പിക്കല്‍, 193- കള്ള തെളിവുണ്ടാക്കല്‍, 217- പൊതുസേവകന്റെ നിയമലംഘനം, 465 - വ്യാജരേഖ ചമക്കല്‍, 468 എന്നീ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ ചുമത്തിയിട്ടുള്ളത്.

SCROLL FOR NEXT