KERALA

''വൈദികരെ രാഷ്ട്രീയ ഗുണ്ടകള്‍ ആക്രമിച്ചത് അപലപനീയം'', സിഎംഎസ് കോളേജ് ക്യാംപസിലെ സംഘര്‍ഷത്തില്‍ കെസിസി

പരാജയ ഭീതിയെ തുടര്‍ന്ന് എസ്എഫ്‌ഐക്കാര്‍ ആണ് ആക്രമണം അഴിച്ചുവിട്ടതെന്നാണ് കെഎസ്‌യുവിന്റെ ആരോപണം.

Author : ന്യൂസ് ഡെസ്ക്

വൈദികരെ രാഷ്ട്രീയ ഗുണ്ടകള്‍ ആക്രമിച്ചത് അപലപനീയം എന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മുത്തശ്ശിയായ കോട്ടയം സി.എം.എസ് കോളേജ് കാമ്പസില്‍ ഇടതുപക്ഷ ഗുണ്ടകള്‍ അതിക്രമിച്ച് കടന്ന് വൈദികരെ ആക്രമിച്ച നടപടിയെ ശക്തമായി അപലപിക്കുന്നതായും ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനങ്ങളെയും നടത്തിപ്പുകാരെയും ഇപ്രകാരം ആക്രമിക്കുന്നവര്‍ക്കെതിരെയും നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെയും നടപടികളെടുക്കുന്നതിന് പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും തയ്യാറാകണമെന്നും കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആവശ്യപ്പെട്ടു.

ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടായിട്ടുപോലും കാംപസില്‍ അതിക്രമിച്ച് കടന്ന രാഷ്ട്രീയ ഗുണ്ടകളും അക്രമം തടയുന്നതില്‍ പരാജയപ്പെട്ട പൊലീസും അരാജകത്വത്തിന് വഴിയൊരുക്കുകയാണെന്നും കെ. സി. സി. കുറ്റപ്പെടുത്തി. അവസരവാദപരമായ നടപടികള്‍ ഒഴിവാക്കി നിഷ്പക്ഷത തെളിയിക്കുവാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും കെ.സി.സി. പ്രസിഡന്റ് അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് സിഎംഎസ് കോളേജില്‍ സംഘര്‍ഷമുണ്ടായത്. അഞ്ചര മണിക്കൂറോളമാണ് സംഘര്‍ഷം നീണ്ടുനിന്നത്. പരാജയ ഭീതിയെ തുടര്‍ന്ന് എസ്എഫ്‌ഐക്കാര്‍ ആണ് ആക്രമണം അഴിച്ചുവിട്ടതെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. എന്നാല്‍ ക്യാംപസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയ നീക്കമാണ് കെഎസ്‌യുവിന്റേതെന്നാണ് എസ്എഫ്‌ഐ ആരോപണം.

രാത്രി ഒന്‍പത് മണിയോടെ സിപിഐഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, കോണ്‍ഗ്രസ്, കെഎസ്‌യു അടക്കമുള്ള പാര്‍ട്ടികളിലെയും സംഘടനകളിലെയും നേതാക്കള്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമാധാനന്തരീക്ഷം പുലര്‍ന്നത്.

SCROLL FOR NEXT