KERALA

"പാർട്ടിയെ തള്ളി പറഞ്ഞ് അപ്പുറത്ത് കൂടണഞ്ഞവർ സ. ഗുരുവായൂരപ്പേട്ടനെ ഓർക്കണം"; ഐഷ പോറ്റിക്കെതിരെ വിമർശനവുമായി എസ്എഫ്ഐ

പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ സൈക്കിളിൽ വന്ന പാർട്ടി പ്രവർത്തകന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് എം. ശിവപ്രസാദിൻ്റെ പരിഹാസം...

Author : അഹല്യ മണി

സിപിഐഎം വിട്ട് കോൺഗ്രസിലെത്തിയ മുൻ എംഎൽഎ ഐഷ പോറ്റിക്കെതിരെ വിമർശനവുമായി എസ്എഫ്ഐ. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ സൈക്കിളിൽ വന്ന പാർട്ടി പ്രവർത്തകന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദിൻ്റെ പരിഹാസം. മൂന്ന് തവണ എംഎൽഎ ആയ ഐഷ പോറ്റിക്ക് പാർട്ടി കാർ നൽകിയില്ല എന്ന വിമർശനത്തിനാണ് മറുപടി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

പ്രിയ സഖാവ് ഗുരുവായൂരപ്പേട്ടന് ഒരു ബൈക്ക് ഉണ്ടായിരുന്നെങ്കിൽ...

CPI(M) പാലക്കാട്‌ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ സൈക്കിൾ ചവിട്ടി പോവുന്ന പെരുവമ്പ് മരുതലപറമ്പ് ബ്രാഞ്ചിലെ പാർട്ടി മെമ്പർ ഗുരുവായൂരപ്പേട്ടനെ ഇന്ന് പെട്ടെന്ന് ഓർമ്മവന്നു. ചെങ്കൊടി വെച്ചു കെട്ടി സ്പീഡിൽ സൈക്കിൾ ചവിട്ടി പോകുമ്പോൾ മുഖത്തുള്ള ആവേശവും ചിരിയും ഇന്നും മനസ്സിലുണ്ട്. ഒരു ബൈക്ക് ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി വേഗം ഗുരുവായൂരപ്പേട്ടൻ പരിപാടി സ്ഥലത്ത് എത്തുമായിരുന്നു!

കോൺഗ്രസിലേക്ക് പോയ ശ്രീമതി ഐഷ പോറ്റി തനിക്ക് എല്ലായിടത്തും പോവാൻ പാർട്ടി കാർ തന്നില്ല എന്ന് കുറ്റം പറയുന്നത് കേട്ടു. ഒരു വട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും, 3 തവണ MLA യും ആക്കിയ ഈ പാർട്ടി അവരോട് ചെയ്തത് മഹാ അപരാധം തന്നെ!

കേരളത്തിലും കേന്ദ്രത്തിലും അധികാരത്തിൽ ഇല്ലാത്ത കോൺഗ്രസ് കാറും കസേരയും നൽകി അവരെ വിലയ്ക്ക് എടുക്കാൻ സാധിച്ചു. ദുരന്തത്തിൽ പെട്ട മനുഷ്യരെ കാട്ടി പിരിച്ചെടുത്ത കോടികൾ കൊണ്ട് ഇനിയും ആരെയും കോൺഗ്രസിന് വിലയ്ക്ക് എടുക്കാം!

എല്ലാം തന്ന പാർട്ടിയെ തള്ളി പറഞ്ഞ് അപ്പുറത്ത് കൂടണഞ്ഞവർ ഒന്ന് ഓർക്കണം. സ. ഗുരുവായൂരപ്പെട്ടനെ പോലെ ആയിരക്കണക്കിന് സഖാക്കൾ നടന്നും സൈക്കിളിലും പാഞ്ഞു നടന്നാണ് നിങ്ങളെ പാർട്ടിക്ക് വേണ്ടി ജയിപ്പിച്ചത്. നിസ്വാർത്ഥരായ എൻ്റെ പാർട്ടി സഖാക്കളെ നയിച്ചത് ചെങ്കൊടി പ്രസ്ഥാനത്തിൻ്റെ ബോധവും, നിങ്ങളെ നയിച്ചത് അധികാര കൊതിയുമാണ്.

ഇപ്പോൾ കേൾക്കുന്ന ആരവങ്ങൾ അധികം വൈകാതെ നിലയ്ക്കും. അപ്പോൾ കണ്ണാടിയിൽ നോക്കി സ്വയം ചോദിക്കണം: " താൻ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നോ? എല്ലാം തന്ന പാർട്ടിയെ ഒറ്റു കൊടുത്തിട്ട് എന്തു നേടി?". മരണം വരെ നിങ്ങളെ ഈ ചോദ്യം വേട്ടയാടും.

മരിക്കുമ്പോൾ മൃത ശരീരത്തിൽ അവസാനമായി സഖാക്കൾ പുതപ്പിക്കുന്ന ചെങ്കൊടി അല്ലാതെ മറ്റെന്താണ് ഒരു കമ്മ്യൂണിസ്റ്റുകാരൻ ആഗ്രഹിക്കേണ്ടത്!

SCROLL FOR NEXT