തിരുവനന്തപുരം: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് കയറിയാണ് പ്രതിഷേധിച്ചത്. ഗേറ്റിന് മുന്നില്‍ വച്ച് പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ വിശ്വാസമില്ലെന്നും എന്‍ടിഎ പിരിച്ചുവിടണമെന്നും പി.എസ്. സഞ്ജീവ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിന് നിങ്ങള്‍ ഉത്തരവാദിത്തം പറയണം. അഴിമതി നിറഞ്ഞ നിലയിലാണ് എന്‍ടിഎയെ കേന്ദ്രം കൊണ്ടുപോകുന്നത്. ക്രമക്കേടില്ലാതെ പരീക്ഷ നടത്താന്‍ കഴിയണമെന്നും, പി.എസ്. സഞ്ജീവ് പറഞ്ഞു.
ഏത് അറ്റം വരെയും സമരം ചെയ്യുമെന്നും എജീസ് ഓഫീസിന് പകരം ഇത് എന്‍ടിഎ ആയിരുന്നെങ്കില്‍ ബാക്കിയുണ്ടാവുമായിരുന്നില്ലെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു. മുഴുവന്‍ മെഡിക്കല്‍ കോളേജുകളെയും തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. സാധാരണക്കാര്‍ ഡോക്ടര്‍മാര്‍ ആകരുതെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നുവെന്നും സഞ്ജീവ് കുറ്റപ്പെടുത്തി. ഡൽഹിയിൽ എൻടിഎ ആസ്ഥാനത്തും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
അതേസമയം, നീറ്റ് പരീക്ഷ ക്രമക്കേടിൽ കേസെടുത്ത് സിബിഐ. എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സിബിഐ അറിയിച്ചു. കേസിൽ എൻടിഎ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. നീറ്റ് പരീക്ഷയുടെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു.