KERALA

ചോദ്യങ്ങളെ ഭയക്കുന്നതെന്തിനെന്ന് വിദ്യാർത്ഥിനി; ഭീഷണിക്ക് വഴങ്ങില്ലെന്ന് മന്ത്രി, മഹാരാജാസ് കോളജിൽ റോജി എം. ജോണിനെതിരെ പ്രതിഷേധം

മൈക്കിലൂടെ തന്നെ മറുപടി നൽകാനുള്ള മന്ത്രിയുടെ ശ്രമം ഫലം കണ്ടില്ല

Author : ന്യൂസ് ഡെസ്ക്

എറണാകുളം മഹാരാജാസ് കോളജിൽ ബിരുദ ദാന ചടങ്ങിനിടെ നാടകീയ രംഗങ്ങൾ. ചടങ്ങിനെത്തിയ മന്ത്രി റോജി എം. ജോണിനെതിരെ എസ്എഫ്ഐ പ്രതിഷേധവുമായി രം​ഗത്തെത്തി. മന്ത്രിക്കെതിരെ പ്രവർത്തകർ പ്രതിഷേധ ബാനർ ഉയർത്തി. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഉടൻ പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മന്ത്രി സംസാരിച്ചുകൊണ്ടിരുന്ന മൈക്ക് വിദ്യാർത്ഥിനി കൈക്കലാക്കി ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു.

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് കഴിഞ്ഞ 60 ദിവസമായി ക്യാമ്പസിൽ കയറാൻ സാധിച്ചിട്ടില്ലെന്ന് വിദ്യാർഥിനി മൈക്കിലൂടെ പറഞ്ഞു. നാടകം അവതരിപ്പിച്ച് കൊണ്ടുള്ള പ്രതിഷേധത്തിൽ എന്താണ് അക്രമമെന്ന് വിദ്യാർത്ഥികൾ മന്ത്രി റോജി എം. ജോണിനോട് ചോദിച്ചു. കാലടി സർവകലാശാലയിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർഥികളെ മന്ത്രി അപരിഷ്‌കൃതർ എന്ന് വിശേഷിപ്പിച്ചതിനെയും വിദ്യാർഥികൾ ചോദ്യം ചെയ്തു. വിദ്യാർഥിനി സംസാരിക്കുന്നതിനിടെ അധികൃതർ മൈക്ക് ഓഫ് ആക്കിയെങ്കിലും മന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു.

പിന്നീട് മന്ത്രി റോജി എം. ജോൺ കാലടിയിലേത് അക്രമസമരാണെന്ന് ആവർത്തിച്ചു. ഇതിനിടെ വിദ്യാർഥിനിയെ വനിതാ പൊലീസ് എത്തി പിടിച്ചുമാറ്റാൻ ശ്രമിച്ചത് പ്രതിഷേധത്തിന് വഴിവെച്ചു. തുടർന്ന് മൈക്കിലൂടെ തന്നെ മറുപടി നൽകാനുള്ള മന്ത്രിയുടെ ശ്രമം ഫലം കണ്ടില്ല. പിന്നാലെ ഭീഷണിക്ക് വഴങ്ങില്ലെന്ന് പറഞ്ഞ് മന്ത്രി വേദി വിട്ടു.

SCROLL FOR NEXT