കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം Source: News Malayalam 24x7
KERALA

ഭാരതാംബ ചിത്ര വിവാദം: ഗവർണർക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ; ഇന്ന് നടക്കുന്ന പരിപാടിയിലും ചിത്രം വെയ്ക്കുമെന്ന് രാജ്ഭവൻ

കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക ഉപദേഷ്ടാവായ ഡോ. വി അനന്ദ നാഗേശ്വരൻ്റെ പ്രഭാഷണ പരിപാടിയിലാണ് ഭാരതാംബ ചിത്രം വെയ്ക്കുക

Author : ന്യൂസ് ഡെസ്ക്

ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണർ ആർ.വി. അർലേക്കറിനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി എസ്എഫ്ഐ. കേരള സർവകലാശാല സെനറ്റ് യോഗത്തെ അഭിസംബോധന ചെയ്യാനെത്തിയ ഗവർണർക്ക് മുമ്പിലേക്ക് മഹാത്മാഗാന്ധിയുടേയും അംബേദ്കറിൻ്റെയും ചിത്രവുമായാണ് പ്രവർത്തകരെത്തിയത്. ഇതോടെ കേരള ഗവർണറും സംസ്ഥാന സർക്കാരും വീണ്ടും പോരിലേക്കെന്ന് സൂചന നൽകുന്നതാണ് പുതിയ സംഭവങ്ങൾ.

രാജ്ഭവനിലെ ആർഎസ്എസ് സൈദ്ധാന്തികന്റെ പ്രഭാഷണത്തിന് പിന്നാലെ ഭാരതാംബ വിഷയത്തിൽ സർക്കാരും ഗവർണറും പരസ്പരം കൊമ്പുകോർത്തിരുന്നു. അതിനിടെയാണ് രാജ്ഭവനിൽ ആർഎസ്എസ് നേതാക്കളുടെ ചിത്രങ്ങൾ വച്ചതിൽ എസ്എഫ്ഐ പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്നത്.

എന്നാൽ ഗവർണർ എത്തുന്നതിന് തൊട്ടുമുമ്പായി ഗേറ്റിൽ സ്ഥാപിച്ച ഗാന്ധിയുടെയും അംബേദ്കറിന്റെയും ചിത്രങ്ങൾ പൊലീസ് അഴിച്ചു മാറ്റിയിരുന്നു. ഹെഡ്ഗേവാറിനെയും ഗോൾവാൾക്കറെയും ആരാധിക്കുന്ന ഗവർണർക്ക് ഗാന്ധിയോട് അടങ്ങാത്ത അരിശമെന്നായിരുന്നു എസ്എഫ്ഐയുടെ ആക്ഷേപം. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം.

അതേസമയം, ഭാരതാംബ ചിത്ര വിവാദത്തിൽ സർക്കാരിനോട് നേരിട്ട് ഏറ്റുമുട്ടനാണ് രാജ്ഭവൻ്റെ തീരുമാനം. ഇന്ന് നടക്കുന്ന പരിപാടിയിലും ഭാരതാംബയുടെ ചിത്രം വെയ്ക്കുമെന്ന് രാജ്ഭവൻ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായ ഡോ. വി അനന്ദ നാഗേശ്വരന്റെ പ്രഭാഷണ പരിപാടിയിലാണ് ഭാരതാംബ ചിത്രം വെയ്ക്കുക. ഇന്ന് വൈകിട്ടാണ് പരിപാടി നടത്തുക.

കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഡൽഹിയിൽ പോയ ആളാണ് ഗവർണർ ആർ വി അർലേക്കർ. ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് വ്യത്യസ്തനായി പുതിയ ഗവർണർ സർക്കാരുമായി ചേർന്നു പോകുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. എന്നാൽ സർക്കാർ-ഗവർണർ പോരാട്ടം ഇനിയും ശക്തമാകുമെന്നാണ് വിവരം.

SCROLL FOR NEXT